ബിസിസിഐ കലിപ്പില്‍ തന്നെ; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ നടപടി; മത്സരങ്ങളില്‍ വിലക്ക്

ഇരുവര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ രംഗത്തെത്തി.

ന്യൂഡല്‍ഹി: കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ചാറ്റ് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ലോകേഷ് രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കുമെതിരെ നടപടി ഉറപ്പായി. ഇരുവര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ രംഗത്തെത്തി. രണ്ടു മത്സരങ്ങളില്‍ നിന്നെങ്കിലും ഇരുവരേയും വിലക്കിയേക്കുമെന്ന് സിഒഎ തലവന്‍ വിനോദ് റായ് പറഞ്ഞു.

പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനെക്കുറിച്ചും ലൈംഗിക ബന്ധത്തെ കുറിച്ചും മാതാപിതാക്കളോട് തുറന്ന് സംസാരിക്കുന്നതിനെ പറ്റിയുമായിരുന്നു പാണ്ഡ്യയുടെ പരാമര്‍ശങ്ങള്‍. 18ാം വയസില്‍ തന്റെ മുറിയില്‍ നിന്നും കോണ്ടം കണ്ടെത്തിയതിന് അമ്മ ശകാരിച്ചുവെന്നാണ് രാഹുലിന്റെ വെളിപ്പെടുത്താല്‍, എന്നാല്‍ സുരക്ഷിതനായിരിക്കും എന്ന ഉപദേശമാണ് അച്ഛന്‍ നല്‍കിയത് എന്നും രാഹുല്‍ പറയുന്നു.

ക്ലബ്ബുകളില്‍ പാര്‍ട്ടിക്കെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ പേര് ചോദിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ഹാര്‍ദ്ദിക്കിനോടുള്ള ചോദ്യം. അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രസ്താവന വിവാദമായതോടെ ഹര്‍ദ്ദിക് പാണ്ഡ്യ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കുമെന്നോ അധിക്ഷേപകരമാകുമെന്നോ അറിയാതെയായിരുന്നു ആ പരാമര്‍ശങ്ങള്‍ എന്നാണ് പാണ്ഡ്യ പറഞ്ഞത്.

Exit mobile version