ടെസ്റ്റിലെ തിരിച്ചടി മറികടക്കാന്‍ ഓസ്‌ട്രേലിയ; ഏകദിന ടീമിനെ പ്രഖ്യാപിച്ചു; വമ്പന്മാര്‍ക്ക് തിരിച്ചുവരവ്

ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

സിഡ്‌നി: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ വെള്ളം കുടിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം ഏകദിനത്തില്‍ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിലുള്ള മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടമായി.

അതോടൊപ്പം, പേസര്‍ പീറ്റര്‍ സിഡില്‍, സ്പിന്നര്‍ നഥാന്‍ ലിയോണ്‍, ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖ്വാജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ആരോണ്‍ ഫിഞ്ചാണ് ടീമിന്റെ നായകന്‍. അലക്‌സ് കാരി ഉപനായകനായും ടീമില്‍ ഇടംപിടിച്ചു.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി 14 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ജാസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, പീറ്റര്‍ ഹാന്‍ഡ്‌കോമ്പ്, ഉസ്മാന്‍ ഖ്വാജ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, ജേ റിച്ചാര്‍ഡ്‌സണ്‍, പീറ്റര്‍ സിഡില്‍, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംബ എന്നിവരാണ് മറ്റ് ടീമഗങ്ങള്‍.

ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, ഡാര്‍സി ഷോര്‍ട്ട് എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. അവസാനം നടന്ന ഏകദിന പരമ്പരയില്‍ 1-2ന് ദക്ഷിണാഫ്രിക്കയോട് ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു.

Exit mobile version