ആദ്യ ഇന്നിങ്‌സ് ഇന്ത്യയുടേത്; പൂജാരയ്ക്ക് സെഞ്ച്വറി; കോഹ്‌ലിയും പുറത്ത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ടാം ദിനവും ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം.

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ടാം ദിനവും ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം. രണ്ടിന് 215 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും മികവിലാണ് സ്‌കോറിങ് തുടര്‍ന്നത്. ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയായിരുന്നു രണ്ടാം ദിനത്തിലെ പ്രത്യേകത. 280 പന്തുകളില്‍ നിന്നാണ് പൂജാര തന്റെ 17-ാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്.

ഈ പരമ്പരയിലെ പൂജാരയുടെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തേ അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പൂജാര സെഞ്ച്വറി നേടിയിരുന്നു.ഇതോടെ സെഞ്ച്വറിയുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു. ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ പൂജാര ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണൊപ്പമെത്തി. കുമ്മിന്‍സിന് വിക്കറ്റ് നല്‍കി പൂജാര മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് 106 റണ്‍സാണ് സംഭാവന ചെയ്തത്.

പൂജാരയ്‌ക്കൊപ്പം മികച്ച മൂന്നാം വിക്കറ്റ് കൂട്ട്‌കെട്ട് നല്‍കിയ കോഹ്‌ലി 82 റണ്‍സില്‍ മടങ്ങി. സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ തേര്‍ഡ്മാന്‍ ഫിഞ്ചിന് പിടികൊടുത്താണ് ഇന്ത്യന്‍ നായകന്‍ കൂടാരം കയറിയത്. നിലവില്‍ 318ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 23 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത രെഹാനെയും 13 പന്തില്‍ നിന്ന് 3 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.

ഓസീസ് ബൗളര്‍മാരില്‍ നഥാന്‍ ലിയോണിനെ ആക്രമിച്ചു കളിക്കുന്ന സമീപനമാണ് ഇന്ത്യ ഒന്നാം ദിനം സ്വീകരിച്ചത്. ലിയോണില്‍ നിന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ താരതമ്യേന കൂടുതല്‍ റണ്‍സ് അടിച്ചെടുത്തത്.

Exit mobile version