സൂപ്പർ ഓവറിൽ പഞ്ചാബിന്റെ കൈയ്യിൽ നിന്നും വിജയം പിടിച്ചു വാങ്ങി ഡൽഹി

ദുബായ്: ഐപിഎൽ 13ാം സീസണിലെ ത്രില്ലടിപ്പിച്ച രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസിന് ആവേശത്തുടക്കം. സൂപ്പർ ഓവറിൽ പഞ്ചാബ് നേടിയ 2 റൺസ് ഡൽഹി 4 പന്ത് ശേഷിക്കെ അനായാസം മറികടക്കുകയായിരുന്നു.

നേരത്തെ ഡൽഹി ഉയർത്തിയ 158 റൺസ് എന്ന പൊരുതാവുന്ന സ്കോർ അവസാന പന്തിൽ അടിച്ചെടുത്ത് സമനില പിടിച്ചാണ് പഞ്ചാബ് മത്സരം സൂപ്പർ ഓവേറിലേക്ക് നീട്ടിയത്. ഇരു ടീമുകളും 20 ഓവറിൽ എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 157 റൺസെടുത്തു.

എന്നാൽ, കൈയെത്തും ദൂരത്തു വിജയമുണ്ടെന്ന് കരുതി സൂപ്പർ ഓവറിൽ കളത്തിൽ ഇറങ്ങിയ പഞ്ചാബിന്റെ കണക്കു കൂട്ടൽ തെറ്റിച്ചു ഡൽഹി അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. റബാഡയുടെ ബൗളിംഗ് മൂർച്ചയ്ക്ക് മുന്നിൽ മുട്ടുകുത്തിയ പഞ്ചാബ്, ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്ന വെറും രണ്ട് റൺസ് മാത്രമാണ് സൂപ്പർ ഓവറിൽ സ്വന്തമാക്കിയത്. ഇതിനിടെ റബാഡ രാഹുലിന്റെ ഉൾപ്പെടെ രണ്ട് വിക്കറ്റും നേടി.

സൂപ്പർ ഓവറിൽ ആദ്യ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി പൂരാനും രാഹുലും ചേർന്നാണ് സൂപ്പർ ഓവർ ഓപ്പൺ ചെയ്തു. രണ്ടാം പന്തിൽ രാഹുലിനെ റബാദ മടക്കിയതോടെ മൂന്നാമനായി മാക്സ്വെൽ ക്രീസിൽ എത്തിയെങ്കിലും മൂന്നാം പന്തിലും വിക്കറ്റ് വീഴ്ത്തി റബാഡ. നിക്കോളാസ് പൂരാനെ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു.

ഡൽഹിക്കായി ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ് ബാറ്റിങ്ങിനിറങ്ങിയത്. ഷമിയുടെ ആദ്യ പന്ത് ബാറ്റസ്മാന് തൊടാനായില്ലെങ്കിലും രണ്ടാമത്തെ പന്ത് വൈഡ് ആയതോടെ ഡൽഹി വിജയം ഉറപ്പിക്കുകയായിരുന്നു. അടുത്ത പന്ത് അടിച്ചിട്ട് രണ്ട് റൺസ് ഓടി എടുത്ത് നാല് പന്ത് ശേഷിക്കേ ഡൽഹിയ്ക്ക് വേണ്ടി താരങ്ങൾ വിജയം സമ്മാനിച്ചു.

നേരത്തെ, ഭേദപ്പെട്ട തുടക്കം ലഭിച്ച പഞ്ചാബ് പിന്നീട് വിക്കറ്റുകൾ കളഞ്ഞുകുളിച്ചത് മത്സരത്തിനെ സൂപ്പർ ഓവർ വരെ എത്തിക്കുകയായിരുന്നു. അഞ്ചു റൺസിനിടെയാണ് അവർക്ക് നാലു വിക്കറ്റുകൾ നഷ്ടമായത്. ക്യാപ്റ്റൻ കെഎൽ രാഹുൽ (21), കരുൺ നായർ (1), നിക്കോളാസ് പുരൻ (0), ഗ്ലെൻ മാക്‌സ്‌വെൽ (1) എന്നിവരാണ് പുറത്തായത്. മായങ്ക് അഗർവാളിന്റെ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിനെ കരകയറ്റിയത്‌.60 പന്തിൽ 89 റൺസ് ആണ് മായങ്ക് അടിച്ചുകൂട്ടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു.ആദ്യ ഓവറുകളില്‍ ഓപണര്‍മാരടക്കം മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഡല്‍ഹിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. ധവാന്‍ സംപൂജ്യനായി മടങ്ങി. പൃഥ്വി ഷാ, ഹെട്മിര്‍ എന്നിവര്‍ യഥാക്രമം അഞ്ചും ഏഴും റണ്‍സ് നേടി. ഗ്രൗണ്ടിലിറങ്ങിയ ആർക്കും കാര്യമായി സ്‌കോർബോർഡിലേക്ക് സംഭാവന ചെയ്യാൻ സാധിക്കാതെ വന്ന കളിയിൽ, ആറാം സ്ഥാനത്തിറങ്ങി തകർത്തടിച്ച മാർക്കസ് സ്‌റ്റോയ്‌നിസാണ് ഡൽഹിയെ 157എന്ന മെച്ചപ്പെട്ട സ്‌കോറിൽ എത്തിച്ചത്. 21 പന്തുകൾ നേരിട്ട സ്‌റ്റോയ്‌നിസ് മൂന്നു സിക്‌സും ഏഴു ഫോറുമടക്കം 52 റൺസെടുത്തു.

ക്രിസ് ജോർദന്റെ അവസാന ഓവറിൽ തകർത്തടിച്ച സ്‌റ്റോയ്‌നിസ് ഡൽഹി സ്‌കോർ 150 കടത്തി. 30 റൺസാണ് ഒരൊറ്റ ഓവറിൽ പിറന്നത്. അതേസമയം, ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ബൗളേഴ്‌സ് നിരാശപ്പെടുത്തിയില്ല. നാല് ഓവറിനുള്ളിൽ ഡൽഹിയുടെ മൂന്നു വിക്കറ്റുകളാണ് പഞ്ചാബ് കവർന്നത്.

ഓപ്പണർ ശിഖർ ധവാൻ (0) അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്ണൗട്ടായപ്പോൾ പൃഥ്വി ഷാ (5), ഷിംറോൺ ഹെറ്റ്മയർ (7) എന്നിവരെ മുഹമ്മദ് ഷമി മടക്കി. പിന്നീട് നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ -ഋഷഭ് പന്ത് സഖ്യമാണ് ഡൽഹി ഇന്നിങ്‌സിന് അൽപ്പമെങ്കിലും ആശ്വാസമായത്. 73 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ പടുത്തിയർത്തിയത്. ഐപിഎല്ലിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന രവി ബിഷ്‌ണോയ് ആണ് ഈ കൂട്ടുകെട്ട് തകർത്തത്.

മികച്ച പ്രകടനവുമായ രവി ബിഷ്‌ണോയ്

മികച്ച ബൗളിങ് പ്രകടനവുമായി കളംനിറഞ്ഞ മുഹമ്മദ് ഷമിക്ക് മികച്ച പിന്തുണയാണ് അരങ്ങേറ്റ താരമായ രവി ബിഷ്‌ണോയ് നൽകിയത്. അരങ്ങേറ്റ മത്സരം കളിച്ച അണ്ടർ 19 ലോകകപ്പ് താരം രവി ബിഷ്‌ണോയ് നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റുമായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഷമി നാല് ഓവറിൽ വെറും 15 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തി.

Exit mobile version