കൊവിഡ് പ്രതിരോധത്തിന് പണം വേണം: ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച ജേഴ്‌സി സംഭാവന ചെയ്ത് ന്യൂസിലാൻഡ് താരം

വെല്ലിങ്ടൺ: കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി പണം സ്വരൂപിക്കുന്നതിനായി 2019 ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച ജേഴ്‌സി സംഭാവന ചെയ്ത് ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ഹെൻറി നിക്കോൾസ്. ടീം അംഗങ്ങളെല്ലാം ഒപ്പിട്ട ജേഴ്‌സി യുണിസെഫിന്റെ പ്രാദേശിക ഘടകത്തിനാണ് നിക്കോൾസ് സംഭാവന ചെയ്തത്.

ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടിയ ഫൈനലിൽ താരം അണിഞ്ഞ ജേഴ്‌സിയാണ് സംഭാവന ചെയ്തത്. നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും മത്സരം ടൈ ആയതോടെ ബൗണ്ടറികളുടെ എണ്ണം അടിസ്ഥാനമാക്കി ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. കഴിഞ്ഞ വർഷം അരങ്ങേറിയ ലോകകപ്പ് പരമ്പരയിൽ ഫൈനലിൽ കിവീസിന്റെ ടോപ് സ്‌കോറർ കൂടിയായിരുന്നു നിക്കോൾസ്. ലേലം അടക്കമുള്ള കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാനാണ് തനിക്ക് താത്പര്യമെന്നും നിക്കോൾസ് പറയുന്നു.

നേരത്തെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച ജേഴ്‌സിക്ക് ലേലത്തിലൂടെ 65,000 പൗണ്ട് (ഏകദേശം 60 ലക്ഷം രൂപ) സ്വരൂപിച്ചിരുന്നു. കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലണ്ടനിലെ ആശുപത്രികളിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് ലോകകപ്പ് ജേതാവായ ജോസ് ബട്‌ലർ ജേഴ്‌സി ലേലത്തിന് വെച്ചത്.

Exit mobile version