കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണം, എന്തിനാണ് അവരെ തടയുന്നത്..! കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഭാരതീയ കിസാന്‍ യൂണിയന്‍ മാര്‍ച്ചിനുനേരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണം. എന്തിനാണ് അവര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയുന്നത് ഇത് തെറ്റാണ്. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ്.’ കെജരിവാള്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് വളരെ അച്ചടക്കത്തോടെ മുന്നോട്ടുപോകുകയായിരുന്ന റാലിയാണ് പിന്നീട് സംഘര്‍ഷത്തിലെത്തിയത്. ഇതിന് കാരണം പോലീസ് തടഞ്ഞതാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് തികൈത് പറഞ്ഞു. എന്തിനാണ് യുപി ഡല്‍ഹി അതിര്‍ത്തിയില്‍ ഞങ്ങളെ തടഞ്ഞത്? വളരെ അച്ചടക്കത്തോടെ റാലി നീങ്ങുകയായിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാറിന് ഞങ്ങള്‍ക്ക് പറയാനാവില്ലെങ്കില്‍ ആരാണ് അത് പറയുക? എന്താണ് ഞങ്ങള്‍ പാകിസ്ഥാനിലോ അല്ലെങ്കില്‍ ബംഗ്ലാദേശിലോ പോയി പറയണമായിരുന്നോ?’ എന്നും അദ്ദേഹം ചോദിക്കുന്നു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.

Exit mobile version