വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടം; കെ.ജെ. യേശുദാസ്

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെജെ യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. പകരം വയ്ക്കാനാകാത്ത പ്രതിഭയെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അനുസ്മരിച്ചു.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ ചൊവാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച്ച ബോധം വീണ്ടെടുത്തുവെങ്കിലും പുലര്‍ച്ചയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

സെപ്തംബര്‍ 25 ന് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏക മകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ഡ്രൈവര്‍ അര്‍ജുനും ചികിത്സയിലാണ്.

Exit mobile version