ചിപ്പ് ക്ഷാമം : തായ്‌വാനുമായി കരാറുണ്ടാക്കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ

ന്യൂഡല്‍ഹി : ആഗോളവിപണിയില്‍ അര്‍ധചാലക ചിപ്പുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ ചിപ്പ് നിര്‍മാണത്തിനായി തായ്‌വാനുമായി കരാറുണ്ടാക്കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ. ചിപ്പ് നിര്‍മാണം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള കരാറുണ്ടാക്കുകയാണ് ലക്ഷ്യം.

7.5 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ഇരു രാജ്യങ്ങളും മുന്നോട്ട് വയ്ക്കുന്നത്. പദ്ധതിയുടെ പകുതി മൂലധന ചിലവ് ഇന്ത്യ വഹിക്കും. ഇത് കൂടാതെ നികുതി ഇളവുകളുമായി ബന്ധപ്പെട്ട കരാറുകളിലും ഇരു രാജ്യങ്ങളും ഏര്‍പ്പെടും. പദ്ധതി പ്രകാരം ഇന്ത്യയിലേക്കുള്ള ചിപ്പുകളുടെ ഇറക്കുമതി 100 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെലികോം, ഇലക്ട്രോണിക്‌സ് മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തായ്‌വാനുമായുള്ള കരാര്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ്റ്റിയാനോ അമോനെയുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. അതേസമയം ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ ചിപ്പ് നിര്‍മാണം ആരംഭിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ചൈനീസ് സമ്മര്‍ദത്തെ മറികടന്ന് കൂടുതല്‍ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ് തായ്‌വാന്റെ ഇപ്പോഴത്തെ ലക്ഷ്യം.കോവിഡ് കാലത്ത് മൊബൈല്‍ വ്യവസായവും വാഹന വ്യവസായവും ഒരുപോലെ ചിപ്പ് ക്ഷാമം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കമ്പനികള്‍ ഉത്പാദനം നിര്‍ത്തി വയ്ക്കുകയും ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയും ചെയ്തു. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ചിപ്പുകളില്‍ 18ശതമാനവും തായ്‌വാനില്‍ നിന്നാണ്.

Exit mobile version