വ്യപാരം തുടങ്ങുമ്പോള്‍ ഉയര്‍ച്ച; വീണ്ടും താഴ്ന്നു; ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

വ്യാപാരം തുടങ്ങുമ്പോള്‍ നേരിയ ഉയര്‍ച്ച കാണിച്ച വിപണിയില്‍ വീണ്ടും ഇടിവ്.

കൊച്ചി: വ്യാപാരം തുടങ്ങുമ്പോള്‍ നേരിയ ഉയര്‍ച്ച കാണിച്ച വിപണിയില്‍ വീണ്ടും ഇടിവ്. നിഫ്റ്റി കഴിഞ്ഞ ദിവസം 10472.50ല്‍ ക്ലോസ് ചെയ്‌തെങ്കില്‍ ഇന്നു വ്യാപാരം തുടങ്ങിയത് 10524.20ല്‍ ആയിരുന്നു. 34,733.58ല്‍ ക്ലോസ് ചെയ്ത ബിഎസ്ഇ 34971.83ലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്ന് ഇടിവ് പ്രവണത കാണിച്ച വിപണി ഇടയ്ക്ക് ഉണര്‍ന്ന് 34.699.79 വരെ എത്തിയെങ്കിലും വീണ്ടും താഴ്ന്ന് 34,686.69ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിഫ്റ്റി 10400ല്‍ താഴെ പോകാതെ നില്‍ക്കുന്നതു ശുഭസൂചനയാണെന്ന് സെലിബ്രസ് ക്യാപിറ്റല്‍ സീനിയര്‍ അനലിസ്റ്റ് ജോസ് മാത്യു പറയുന്നു. ഇത് 10400ല്‍ താഴെ പോകുന്ന സാഹചര്യമുണ്ടായാല്‍ വില്‍പന സ്വഭാവം പ്രകടമാകുമെന്നും അദ്ദേഹം വിലയിരുത്തി. ഏഷ്യന്‍ മാര്‍ക്കറ്റ് ട്രേഡിങ് ഇടിവിലായതും വ്യവസായോല്‍പാദനം കുറവു രേഖപ്പെടുത്തിയതും ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്. വ്യവസായോല്‍പാദനം കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തില്‍ ഇന്നുണ്ടായ ഇടിവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ക്രൂഡോയില്‍ വില വര്‍ധിച്ചു. വിപണിയില്‍ വ്യാപാരത്തിലുള്ള 1000 സ്റ്റോക്കുകള്‍ ഉണര്‍വും 634 സ്റ്റോക്കുകള്‍ ഇടിവും കാണിക്കുന്നുണ്ട്. ഫാര്‍മ സെക്ടര്‍, ഐടി, ഷെയറുകള്‍ക്കു വിപണിയില്‍ ഉണര്‍വാണുള്ളത്. ഓട്ടോ, സ്വകാര്യ ബാങ്ക് ഓഹരികളില്‍ ഇടിവ് ദൃശ്യമാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്യുമ്പോള്‍ 73.56 ആയിരുന്നു. ഇപ്പോള്‍ വ്യാപാരം നടക്കുന്നത് 73.88ലാണ്.

Exit mobile version