അന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ഇന്ധനവില കുറയ്ക്കാൻ മടിച്ച് കമ്പനികൾ; ഇന്ന് കൊവിഡ് പ്രതിസന്ധിക്കിടെ തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

ന്യൂഡൽഹി: കോവിഡ് കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളുടെ നട്ടെല്ല് ഒടിച്ച് രാജ്യത്തെ എണ്ണക്കമ്പനികൾ. ഇന്ത്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ വർധന. കൊച്ചിയിൽ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്.

ഇതോടെ അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70 രൂപയുമാണ് വർധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ ഇന്ത്യൻ കമ്പനികൾ ഇന്ധന വിലയിൽ കുറവ് വരുത്താൻ മടിച്ചിരുന്നു. ഏറെ പ്രതിഷേധങ്ങൾ ഉയർന്നിട്ടും കേന്ദ്ര സർക്കാരും എണ്ണവില കുറക്കേണ്ട എന്ന നിലപാടാണ് എടുത്തത്.

അതേസമയം, ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതനുസരിച്ച് ഇന്ധന വിലയിൽ തുടർച്ചയായ ദിവസങ്ങളിൽ വർധന കൊണ്ടുവന്നിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് 2014ൽ ബാരലിന് 109 ഡോളറായിരുന്നപ്പോൾ ഇവിടെ പെട്രോൾ വില 77 രൂപയായിരുന്നു. 2020 ജനുവരിയിൽ ബാരലിന് വില കുറഞ്ഞ് 64 ഡോളറായപ്പോഴും പെട്രോളിന് ഈടാക്കിയത് 77 രൂപ. അന്നും അന്താരാഷ്ട്ര വിപണിയിലെ വില കുറവ് ഇന്ത്യൻ മാർക്കറ്റിൽ പ്രതിഫലിച്ചിരുന്നില്ല.

Exit mobile version