ലോകം തന്നെ സാമ്പത്തിക മാന്ദ്യത്തിൽ; എന്നാൽ 1000 കോടി ഡോളർ സമാഹരിച്ച് മുകേഷ് അംബാനി; കൊയ്തത് നേട്ടം

മുംബൈ: ലോകമെമ്പാടുമുള്ള കൊവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തി രംഗം വളരെ മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയപ്പോഴും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി സമാഹരിച്ചത് 1000 കോടി ഡോളറിലേറെ പണം. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ഡിജിറ്റൽ ബിസിനസ് കൈകാര്യം ചെയ്യുന്ന ജിയോ പ്ലാറ്റ്‌ഫോമിലാണ് ഒരുമാസത്തിനിടെ ഇത്രയും തുക നിക്ഷേപമായെത്തിയത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആർ ആന്റ് കമ്പനിയാണ് ഏറ്റവും പുതിയതായി ജിയോയിൽ നിക്ഷേപിക്കാനെത്തിയത്. 11,367 കോടി രൂപയാണ് ഇവർ നിക്ഷേപിക്കുക.

ഫേസ് ബുക്ക് 43,574 കോടി രൂപയും സിൽവർ ലേയ്ക്ക് 5,665.75 കോടിയും വിസ്റ്റ ഇക്വീറ്റീസ് 11,357 കോടിയുമാണ് നിക്ഷേപം നടത്തിയത്. അഞ്ച് വൻകിട കമ്പനികളിൽനിന്നായി 78,562 കോടി രൂപയുടെ നിക്ഷേപമാണ് ജിയോ പ്ലാറ്റ്‌ഫോമിലെത്തിയത്.

വൻ പ്രതിസന്ധി നേരിടുന്ന റിലയൻസ് ഇൻഡസ്ട്രീസിന് വലിയ ആശ്വാസമാണ് ഈ നിക്ഷേപങ്ങൾ. 2021 മാർച്ചോടെ റിലയൻസിനെ കടരഹിത കമ്പനിയാക്കി മാറ്റുമെന്നാണ് അംബാനിയുടെ പ്രഖ്യാപനം. 1,53,132 കോടിരൂപയാണ് കമ്പനിയുടെ മൊത്തം ബാധ്യത. എങ്കിലും ഈയടുത്തായി വന്നുചേർന്ന നിക്ഷേപങ്ങൾ അംബാനിയുടെ പദ്ധതിയെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഇതോടൊപ്പമാണ് റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കുന്നത്. ആമസോൺ, വാൾമാർട്ട് പോലുള്ള ആഗോള ഭീമൻമാരോടൊപ്പമാകും അംബാനി നേതൃത്വം നൽകുന്ന ജിയോ പ്ലാറ്റ്‌ഫോമിന്റെ ഇനിയുള്ള മത്സരം. ചെറുകിട വ്യാപാരികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണത്തിനാണ് ജിയോ പ്ലാറ്റ്‌ഫോംസ് തയ്യാറെടുക്കുന്നത്.

Exit mobile version