ജൻധൻ അക്കൗണ്ടുകളിലേക്ക് 500 രൂപ നിക്ഷേപിക്കും; വെള്ളിയാഴ്ച മുതൽ പിൻവലിക്കാം

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജൻധൻ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച മുതൽ 500 രൂപ നിക്ഷേപിക്കും. വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക. രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമാണിത്.

മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിൻവലിക്കാൻ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളിൽനിന്ന് പണം നൽകുക. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കിൽ ഏപ്രിൽ മുന്നിന് പണമെടുക്കാം.

രണ്ടോ മൂന്നോ ആണെങ്കിൽ ഏപ്രിൽ നാലിനാണ് പണം നൽകുക.
4 ഉം 5ഉം ആണെങ്കിൽ ഏപ്രിൽ 7
6ഉം 7ഉം ആണെങ്കിൽ ഏപ്രിൽ 8
8ഉം 9ഉം ആണെങ്കിൽ ഏപ്രിൽ 9

ഏപ്രിൽ ഒമ്പതാം തിയതിക്കുശേഷം എന്നുവേണമെങ്കിലും അക്കൗണ്ടിൽ നിന്നും പണമെടുക്കാം.

റൂപെ കാർഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിൻവലിക്കാൻ കഴിയും. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാർജ് ഈടാക്കില്ലെന്ന് സർക്കാർതന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പണം പിൻവലിക്കാനായി, കൂട്ടത്തോടെ ഉപഭോക്താക്കൾ വരരുതെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അഭ്യർഥിച്ചിട്ടുണ്ട്.

Exit mobile version