വീണ്ടും റെക്കോർഡ് ഭേദിച്ച് സ്വർണ്ണം; കുതിപ്പിന് കാരണം കൊറോണ; ഇന്ത്യയിൽ ഡിമാന്റ് കുറഞ്ഞു

കൊച്ചി: ഇന്ന് വീണ്ടും സ്വർണ്ണവില റെക്കോർഡ് ഭേദിച്ച് മുന്നേറി. പവന്റെ വില 200 രൂപവർധിച്ച് 30,880 രൂപയായി. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. 31,000ത്തിൽ തൊടുമെന്ന് ഉറപ്പായതോടെ ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ ഡിമാന്റ് കുറഞ്ഞു.

നിലവിൽ 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 280 രൂപവർധിച്ച് വില പവന് 30,680 രൂപയായിരുന്നു. ആഗോള വിപണിയിൽ സ്വർണ്ണവില ഏഴുവർഷത്തെ ഉയർന്ന നിലവാരത്തിലാണ്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം തന്നെ വിലയിൽ ആറുശതമാനമാണ് വിലവർധനവുണ്ടായത്.

സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,610.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റംവരുത്താതിരുന്നതും കൂടുതൽ ആദായം ലഭിക്കുന്ന സ്വർണ്ണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.

Exit mobile version