സല്‍മാന്‍ ഖാനോട് ഏറ്റുമുട്ടാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍!

സല്‍മാന്റെ 'ഭാരത്' ജൂണ്‍ അഞ്ചിനും ദുല്‍ഖറിന്റെ 'ദ സോയാഫാക്ടര്‍' ജൂണ്‍ 14 നുമാണ് റിലീസ് ചെയ്യുക എന്നാണ് നിലവിലെ റിപ്പോര്‍ട്ട്

ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനോട് ഏറ്റുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സല്‍മാന്‍ ഖാന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘ഭാരത്’, ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ‘ദി സോയാഫാക്ടര്‍’ എന്നീ ചിത്രങ്ങള്‍ അടുത്തടുത്ത ദിവസങ്ങളിലാണ് തീയ്യേറ്ററുകളിലെത്തുന്നത്.

സല്‍മാന്റെ ‘ഭാരത്’ ജൂണ്‍ അഞ്ചിനും ദുല്‍ഖറിന്റെ ‘ദ സോയാഫാക്ടര്‍’ ജൂണ്‍ 14 നുമാണ് റിലീസ് ചെയ്യുക എന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇതോടെ ബോക്‌സ് ഓഫീസില്‍ സല്‍മാന്‍ ഖാനോട് ഏറ്റുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ‘സോയാ ഫാക്ടറി’ല്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. സോനം കപൂര്‍ ആണ് നായിക. അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

കൊറിയന്‍ ചിത്രമായ ‘ഓഡ് റ്റു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഭാരത്. 1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അലി അബ്ബാസ് സഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിവിധ ഗെറ്റപ്പിലാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നത്. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. ‘ടൈഗര്‍ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫര്‍- സല്‍മാന്‍ ഖാന്‍- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. തബു, ദിഷ പട്ടാനി, ജാക്കി ഷറോഫ്, സുനില്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടി സീരീസും സല്‍മാന്‍ ഖാന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version