സായി ക്ഷേത്രത്തിന് 25 ലക്ഷം രൂപയുടെ സ്വര്‍ണകിരീടം സമ്മാനിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി

സായിബാബ ക്ഷേത്രത്തിന് 25 ലക്ഷം രൂപയുടെ സ്വര്‍ണകിരീടം സമ്മാനിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഷിര്‍ദിയിലെ ക്ഷേത്രത്തിലേക്കാണ് 800 ഗ്രാം തൂക്കമുള്ള സ്വര്‍ണകിരീടം ശില്‍പ സമര്‍പ്പിച്ചത്.

കിരീടം ക്ഷേത്ര പൂജാരിക്ക് കൈമാറുന്നതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 15നാണ് ഷിര്‍ദിയിലെ ക്ഷേത്രത്തില്‍ കുടുംബസമേതം സന്ദര്‍ശനത്തിനായി ശില്‍പയെത്തിയത്.

‘നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും സായിബാബക്ക് നന്ദി. വിശ്വാസവും ക്ഷമയുമാണ് അങ്ങെന്നെ പഠിപ്പിച്ച പാഠങ്ങളുടെ ഉള്ളടക്കം. ഞാനും എന്റെ കുടുംബവും എല്ലായ്പ്പോഴും അങ്ങയുടെ അനുഗ്രഹത്താല്‍ സുരക്ഷിതരായിരുന്നു എന്നതോര്‍ക്കുമ്പോള്‍ തല കുമ്പിട്ട് നമസ്‌കരിക്കാനേ കഴിയൂ.’- ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഭര്‍ത്താവ് രാജ് കുന്ദ്ര, മാതാവ് സുനന്ദ ഷെട്ടി, മകന്‍ വിയാന്‍ രാജ് കുന്ദ്ര, സഹോദരി ഷമിതാ ഷെട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സായി ഭക്തയായ ശില്‍പ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്.

Exit mobile version