അതീവ സുരക്ഷയില്‍ ദീപിക-രണ്‍വീര്‍ രാജകീയ വിവാഹം

ബോളിവുഡിലെ പ്രണയജോഡികള്‍ക്ക് സ്വപ്‌ന നഗരത്തില്‍ രാജകീയ വിവാഹം.
ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഇറ്റലിയില്‍ വിവാഹിതരായി.

ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൗഡിയോടെ നടന്ന ചടങ്ങില്‍ രണ്‍വീര്‍ ദീപികയ്ക്ക് താലിചാര്‍ത്തി. ദീപികയുടെ മതപ്രകാരം കൊങ്ങിണി ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. സിഖ് പാരമ്പര്യമനുസരിച്ചുള്ള ചടങ്ങുകള്‍ നാളെ നടക്കും.

ബുധനാഴ്ച രണ്‍വീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലുളള വിവാഹച്ചടങ്ങുകള്‍ നടക്കും. കനത്ത കാവലിലാണ് ദീപികയെ രണ്‍വീര്‍ മിന്നു ചാര്‍ത്തിയത്.

വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം ലേക്ക് കോമോയ്ക്ക് അടുത്തുള്ള കാസ്റ്റ ദിവ റിസോര്‍ട്ടില്‍ വെച്ച് വിപുലമായ രീതിയില്‍ പാട്ടും നൃത്തവും അടങ്ങുന്ന സംഗീത് ചടങ്ങും നടന്നിരുന്നു.

ബോളിവുഡ് ഗായകനായ ഹര്‍ഷ്ദീപ് കൗറിന്റെയും സംഘത്തിന്റയും നേതൃത്വത്തിലായിരുന്നു സംഗീത് പരിപാടി.

ഇറ്റലിയിലെ വിവാഹത്തിനുശേഷം തിരിച്ചെത്തുന്ന ഇവര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മുംബൈയിലും ബംഗളൂരുവിലും രണ്ടു വിവാഹ വിരുന്നുകള്‍ നടത്തും.

Exit mobile version