തങ്ങള്‍ യുദ്ധത്തിനില്ല; ഇറാനുമായി യുദ്ധത്തിന് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഎസ്

വാഷിങ്ടണ്‍: ഗള്‍ഫ് സമുദ്രത്തില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ അമേരിക്ക ഇറാനുമായി യുദ്ധത്തിന് നീങ്ങുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് യുഎസ് നേതൃത്വം. യുദ്ധം ഒഴിവാക്കാനാണ് തങ്ങള്‍ നീക്കം നടത്തുന്നതെന്നും മേഖലയില്‍ യുഎസ് സൈനികരെ ഒരുക്കിയത് യുദ്ധം ആഗ്രഹിച്ചല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു.

അതേ സമയം ഇറാന്‍ തങ്ങളുടെ നിലപാട് തിരുത്താന്‍ തയാറാകണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയായി ആറ് എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഗള്‍ഫ് സമുദ്രത്തില്‍ ആക്രമണമുണ്ടായത്. ഇതിനു പിന്നില്‍ ഇറാന്‍ സൈന്യമാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മാസം 12ന്, ഒമാന്‍ കടലിടുക്കില്‍ തന്നെ യുഎഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം നാലു കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് അതിനു പിന്നിലെന്നായിരുന്നു അന്നു യുഎസിന്റെ ആരോപണം.

Exit mobile version