പുറത്തുവിട്ട പ്രതികളുടെ ചിത്രങ്ങളില്‍ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും; തെറ്റു തിരുത്തി ശ്രീലങ്ക

ശ്രീലങ്കയിലെ അമാറയുടെ സുഹൃത്തുക്കളാണ് ഇങ്ങനെയൊരു ചിത്രം വന്ന കാര്യം അവരെ അറിയിച്ചത്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലുമുള്‍പ്പെടെ നടന്ന സ്‌ഫോടനത്തിന് പിന്നാലെ പോലീസ് തേടുന്ന പ്രതികളുടെ ചിത്രങ്ങള്‍ സഹിതം ഒരു നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ ശ്രീലങ്ക പങ്കുവെച്ചിരുന്നു. എന്നാല്‍ അതില്‍ ഒരു പ്രതിയുടെ ചിത്രത്തിന് പകരം നല്‍കിയത് അമേരിക്കയിലെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ചിത്രമാണ്.

എ ഫാത്തിമ ഖാദിയ എന്ന പേരില്‍ പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയുടെ ചിത്രം പങ്കുവെച്ചിരുന്നു. എന്നാല്‍ ആ ചിത്രം അമാറ മജീദ് എന്ന അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയുടേയായിരുന്നു.

ശ്രീലങ്കയിലെ അമാറയുടെ സുഹൃത്തുക്കളാണ് ഇങ്ങനെയൊരു ചിത്രം വന്ന കാര്യം അവരെ അറിയിച്ചത്. തുടര്‍ന്ന് അമാറ പ്രതിഷേധവുമായി ട്വിറ്ററിലൂടെ രംഗത്തെത്തി. ശ്രീലങ്കന്‍ പോലീസിന് അപ്പോഴാണ് തങ്ങള്‍ക്കു പറ്റിയ തെറ്റ് മനസിലായത്. തുടര്‍ന്ന് പ്രതികളുടെ ചിത്രങ്ങളും അറിയിപ്പും പിന്‍വലിച്ച്, അത് തിരുത്തി പോസ്റ്റ് ചെയ്തു. കൂടാതെ ശ്രീലങ്കന്‍ പോലീസ് പരസ്യമായി മാപ്പു പറയുകയും ചെയ്തു.

Exit mobile version