അമ്മയും മകളും ഒരുമിച്ച് പൈലറ്റ് സീറ്റില്‍; സൈബര്‍ലോകം കീഴടക്കിയ അപൂര്‍വ്വ കാഴ്ചയ്ക്ക് നിറകൈയ്യടി

കാലിഫോര്‍ണിയ: കുടുംബാംഗങ്ങള്‍ ഒരേ സര്‍വീസിലിരിക്കുന്നത് എപ്പോഴും കൗതുകത്തോടൊപ്പം പ്രചോദനം പകരുന്ന വാര്‍ത്തയാണ്. അതുപോലെ ഒരു അമ്മയും മകളുമാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ മനംകവരുന്നത്. പൈലറ്റ് സീറ്റില്‍ ഒരുമിച്ചിരുന്ന് വിമാനം പറത്തുന്ന അമ്മയും മകളുമാണ് താരങ്ങള്‍.

ഡെല്‍റ്റാ എയര്‍ലൈന്‍സിലാണ് ഈ അപൂര്‍വ്വകാഴ്ച. പൈലറ്റായ അമ്മയും സഹപൈലറ്റായ മകളും വിമാനം പറത്തിയത് കാലിഫോര്‍ണിയയില്‍ നിന്നും അറ്റ്‌ലാന്റയിലേക്കും അവിടെ നിന്നും ജോര്‍ജ്ജിയയിലേക്കുമാണ്. ഇരുവരും കോക്ക്പിറ്റിനുള്ളില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവും പ്രോത്സാഹനവുമായി രംഗത്തെത്തിയത്.

പൈലറ്റും എംബ്രി റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ചാന്‍സിലറുമായ ജോണ്‍ ആര്‍ വാട്രറ്റാണ് അമ്മയുടെയും മകളുടെയും ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഫാമിലി ഫ്‌ലൈറ്റ് ക്രൂ എന്നാണ് ഇതിന് മറുപടിയായി ഡെല്‍റ്റാ എയര്‍ലൈന്‍ നല്‍കിയത്.

41,000ത്തോളം ആളുകള്‍ ഇതിനോടകം തന്നെ ട്വീറ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. 16,000 റീട്വീറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇരുവരും മറ്റെല്ലാ യുവതികള്‍ക്കും മാതൃകയാണെന്നും ലോകത്തെ മറ്റെല്ലാ വനിതാ പൈലറ്റുമാര്‍ക്കും ഇവര്‍ പ്രചോദനമാണെന്നുമാണ് സൈബര്‍ലോകത്തെ സംസാരം.

അതേസമയം, അമ്മയും മകളും വിമാനം പറത്തിയതിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ബന്ധുക്കള്‍ വിമാനം പറത്തുന്നത് അത്ര നല്ലതല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version