ശക്തമായി തിരിച്ചടിക്കും: അഭിനന്ദന്‍ വര്‍ധമാനെ വാഗയിലെത്തിച്ചതിന് പിന്നാലെ നിലപാട് അറിയിച്ച് പാകിസ്താന്‍ സൈനിക മേധാവി

ഇസ്ലാമാബാദ്: സ്വയം പ്രതിരോധത്തിനായി ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന്‍. ഇക്കാര്യം ലോകരാജ്യങ്ങളെ അറിയിച്ചതായി പാകിസ്താന്‍ സൈനിക മേധാവി അറിയിച്ചു. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ പുതിയ നിലപാട് അറിയിച്ചത്.

ഭീകരത അവസാനിപ്പിക്കാന്‍ പാകിസ്താന്‍ നടപടിയെടുക്കണമെന്നു വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് അബുദബിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ന് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനെതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നു ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷ്മ സ്വരാജ് ആഹ്വാനം ചെയ്തു.

ഒഐസി സമ്മേളനത്തിനു മുന്നോടിയായി ഗള്‍ഫ് വിദേശകാര്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി പാകിസ്താന്റെ ഭീകരബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയത്. പാകിസ്താന്‍ ഭീകരത അവസാനിപ്പിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനം കൈവരിക്കാനാകൂവെന്നു സുഷ്മ സ്വരാജ് പറഞ്ഞു. അതേസമയം, ഭീകരതയ്ക്കും ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കുമെതിരെ ഒരുമിച്ചു നീങ്ങണമെന്ന് ഒഐസി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തു.

ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്നും ഭീകരതയ്ക്കു സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും, പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ സുഷ്മ പറഞ്ഞു. അതേസമയം, കശ്മീരിലെ ജനങ്ങളുടെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നു ഒഐസി സെക്രട്ടറി ജനറല്‍ യൂസഫ് ബിന്‍ അഹ്മദ് അല്‍ ഖതൈമീന്‍ വ്യക്തമാക്കി.

ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു പാകിസ്താന്‍ ഒഐസി സമ്മേളനം ബഹിഷ്‌കരിച്ചു. സൗദി, യു.എ.ഇ തുടങ്ങി അന്‍പത്താറു രാജ്യങ്ങള്‍ അംഗമായ സമ്മേളനത്തില്‍ റഷ്യ, യു.എന്‍ പ്രതിനിധികള്‍ നിരീക്ഷകരായെത്തിയിരുന്നു.

Exit mobile version