സുരക്ഷാ ഭീഷണി: ഐഎസില്‍ ചേര്‍ന്ന ഷമീമ ബീഗവും നവജാത ശിശുവും ക്യാമ്പ് വിട്ടതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ലണ്ടനില്‍ നിന്ന് സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സിറിയയിലെ ക്യാമ്പ് വിട്ടതായി റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഷമീമ ബീഗവും നവജാത ശിശുവും സിറിയയിലെ അല്‍ ഹോളിലെ ക്യാമ്പ് വിട്ടതെന്ന് ഇവരുടെ അഭിഭാഷകന്‍ തസ്‌നീം അകുന്‍ജയേ ക്വാട്ട് ചെയ്ത് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎസില്‍ ചേരാനായി രണ്ട് സുഹൃത്തുക്കളോടൊപ്പം 2015 ലാണ് ബ്രിട്ടന്‍ സ്വദേശിയായ ബീഗം നാടുവിടുന്നത്. കുട്ടിയുണ്ടായതിന് പിന്നാലെ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ തിരികെ ബ്രിട്ടനിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കണമെന്ന് ഷമീമ ആവശ്യപ്പെട്ടെങ്കിലും ഇവരുടെ പൗരത്വം റദ്ദ് ചെയ്യാന്‍ യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് ഉത്തരവിട്ടിരുന്നു.

ക്യാമ്പിലെ ദുരിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് പിന്നാലെ ഷമീമക്ക് വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം കുട്ടിയേയും ബീഗത്തേയും ക്യാമ്പില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ ബ്രിട്ടന്‍ യാതൊരു ശ്രമവും നടത്തുന്നില്ല. മകള്‍ക്ക് തിരിച്ചുവരാനുള്ള അനുമതി നല്‍കണമെന്നാണ് മാതാപിതാക്കളുടെ അപേക്ഷ.

നേരത്തെ നാട്ടിലെത്തി കുഞ്ഞിന് ജന്മം നല്‍കണമെന്ന ആഗ്രഹം അധികൃതരെ അറിയിച്ചതോടെയാണ് ഷമീമ ലോകമാധ്യമശ്രദ്ധ നേടുന്നത്. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ നരകതുല്യമായ അവസ്ഥയില്‍ കഴിയേണ്ടി വന്നതോടൊപ്പം സ്വദേശത്തേക്ക് തിരിച്ചുവരവ് അസാധ്യമെന്ന് തിരിച്ചറിഞ്ഞതോടെ ചെയ്ത തെറ്റുകളില്‍ മാപ്പ് പറഞ്ഞിരുന്നു. ഒരാഴ്ച മാത്രം പ്രായമായ മകന്‍ ജെറായ്ക്കൊപ്പമാണ് ബീഗം അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നത്.

15ാം വയസ്സില്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പോരാടാന്‍ എത്തിയ ബീഗത്തിന് ഇപ്പോള്‍ 19 വയസ്സായി. ഇതിനിടെ മൂന്ന് പ്രസവം, രണ്ട് കുട്ടികള്‍ മരണപ്പെട്ടു, ഭര്‍ത്താവ് ജയിലിലുമായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളില്‍ യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാന്‍ കഴിയാതിരുന്നതില്‍ സ്വന്തം പിതാവ് പോലും ഞെട്ടല്‍ രേഖപ്പെടുത്തുകയും കൈവിടുകയും ചെയ്തതിന് ശേഷമാണ് ബീഗത്തിന് മനംമാറ്റമുണ്ടായത്.

Exit mobile version