ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഫലം: ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ഏറ്റെടുത്തു

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ഏറ്റെടുത്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് പാക് നടപടി.

പാക് പഞ്ചാബിലെ ബഹാവല്‍പൂരിലാണ് ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാകൗണ്‍സില്‍ രാവിലെ രംഗത്തെത്തിയിരുന്നു. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞുള്ള പ്രമേയം രക്ഷാകൗണ്‍സില്‍ അംഗമായ ചൈനയ്ക്ക് തിരിച്ചടിയായി.

ഭീകരതയുടെ പേരില്‍ രാജ്യാന്തര സമൂഹത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം. ഒപ്പം ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന ചൈനയ്ക്ക് തിരിച്ചടിയും. ഫ്രാന്‍സ് മുന്‍കൈയെടുത്തു കൊണ്ടുവന്ന പ്രമേയത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും അമേരിക്കയും ബ്രിട്ടണും റഷ്യയും ഇന്ത്യയ്‌ക്കൊപ്പം നിന്നു. അതോടെ ചൈനയ്ക്ക് വഴങ്ങേണ്ടിവന്നു.

ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുറപ്പാക്കണമെന്നുമുള്ള പ്രമേയത്തിലെ പരാമര്‍ശം ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്‍ക്ക് അനുകൂല അന്തരീക്ഷമുണ്ടാക്കുന്നതാണ്.

അതേസമയം, കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ജയ്‌ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് രണ്ടുപേരെ അറസ്റ്റുചെയ്തു.

സോപോറില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഇന്നലെ അര്‍ധരാത്രിയില്‍ ആരംഭിച്ച തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജയ്‌ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്ത രണ്ടുപേരില്‍നിന്നും ആയുധങ്ങള്‍പിടിച്ചെടുത്തു.

Exit mobile version