പത്ത് കോടി വര്‍ഷം പഴക്കമുള്ള ഡൈനോസര്‍ ഫോസില്‍ ലേലത്തില്‍ വിറ്റു : ലഭിച്ചത് 96 കോടി രൂപ

പത്ത് കോടി വര്‍ഷം പഴക്കമുള്ള ഡൈനോസര്‍ ഫോസിലിന് ലേലത്തില്‍ ലഭിച്ചത് 96 കോടി രൂപ. ഡെയ്‌നോണിക്കസ് ആന്റിറോപസ് എന്നയിനം ഡൈനോസറിന്റെ ഫോസിലിനാണ് റെക്കോര്‍ഡ് വില ലഭിച്ചത്.

‘ഹെക്ടര്‍’ എന്ന പേരിട്ടിരിക്കുന്ന ഡൈനോസര്‍ ഫോസില്‍ ഇതുവരെ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും പൂര്‍ണതയുള്ള സ്‌പെസിമെന്‍ ആണ്. 2013ല്‍ യുഎസിലെ മൊണ്ടാനയില്‍ നിന്ന് കുഴിച്ചെടുത്ത ഇതിന് ലേലത്തില്‍ വച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നത് 40 മുതല്‍ 50 കോടി രൂപയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിന്റെ ഇരട്ടിത്തുക ലഭിയ്ക്കുകയായിരുന്നു.

9 അടി നീളമുണ്ടായിരുന്ന ഈ ഡൈനോസറുകള്‍ വടക്കന്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് പണ്ട് റോന്ത് ചുറ്റിയിരുന്നത്. അരിവാള്‍ പോലെ വളഞ്ഞ കരുത്തുന്ന കാല്‍നഖങ്ങള്‍ ഉണ്ടായിരുന്ന ഇവ ഇതുപയോഗിച്ച് ഇരമൃഗങ്ങളെ വേട്ടയാടിയിരുന്നു.

ജുറാസിക് പാര്‍ക്ക് സിനിമയില്‍ കാണിക്കുന്ന വെലോസിറാപ്റ്ററുകള്‍ എന്ന തിരം ഡൈനോസറുകള്‍ യഥാര്‍ഥത്തില്‍ ഡെയ്‌നോണിക്കസ് വിഭാഗം തന്നെയാണ്. യുഎസിലെ മൊണ്ടാന, യൂട്ടാ, വ്യോമിങ്, ഒക്കലഹോമ എന്നിവിടങ്ങളില്‍ നിന്ന് ഇവയുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version