ഒറ്റത്തണ്ടില്‍ വിളയിച്ചത് 1269 തക്കാളികള്‍ : സ്വന്തം ഗിന്നസ്‌ റെക്കോര്‍ഡ് തകര്‍ത്ത് ബ്രിട്ടീഷ് യുവാവ്

ഒറ്റത്തണ്ടില്‍ 1200ലധികം തക്കാളികള്‍ വിളയിച്ച് ഗിന്നസ്‌ റെക്കോര്‍ഡിട്ട് ബ്രിട്ടീഷ് യുവാവ്. ഇംഗ്ലണ്ടിലെ സ്റ്റാന്‍സീഡ് അബോട്ട്‌സിലുള്ള ഡൂഗ്ലസ് സ്മിത്ത് ആണ് റെക്കോര്‍ഡിനുടമ. ഒറ്റത്തണ്ടില്‍ 1269 തക്കാളികളാണ് ഡൂഗ്ലസ് തന്റെ തോട്ടത്തില്‍ വിളയിച്ചത്.

ഒറ്റത്തണ്ടില്‍ 839 തക്കാളികള്‍ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ്. ഇതും ഡൂഗ്ലസിന്റെ പേരില്‍ തന്നെയായിരുന്നു എന്നതാണ് കൗതുകം. 2021ലാണ് ഡൂഗ്ലസ് ഈ റെക്കോര്‍ഡ് നേടുന്നത്. ഡൂഗ്ലസിന് മുമ്പ് ഒറ്റത്തണ്ടില്‍ 488 ആയിരുന്നു ഉണ്ടായിരുന്ന ഏറ്റവും വലിയ കണക്ക്. ഇത് പത്ത് വര്‍ഷത്തോളം നില നിന്ന ശേഷമാണ് ഡൂഗ്ലസ് തന്റെ തക്കാളികളുമായെത്തുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ഡൂഗ്ലസ് 1200 തക്കാളികള്‍ വിളയിപ്പിച്ചിരുന്നെങ്കിലും ഗിന്നസ് നടപടികള്‍ വൈകിയതിനാല്‍ ഈ വര്‍ഷമാണ് പരിഗണിച്ചത്.യുകെയിലെ ഏറ്റവും വലിയ തക്കാളി വിളയിച്ചതിന്റെ റെക്കോര്‍ഡും ഡൂഗ്ലസിന് തന്നെയാണ്. 3.106 കിലോയുടെ തക്കാളിയാണ് ഇദ്ദേഹം 2020ല്‍ വിളയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ തക്കാളി വിളയിച്ചതിനുള്ള റെക്കോര്‍ഡ് അമേരിക്കയില്‍ നിന്നുള്ള ഡാന്‍ സതര്‍ലാന്‍ഡിനാണ്.

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിനൊപ്പം തന്നെ തന്റെ കൃഷിരീതികള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഐടി മാനേജരായ ഡൂഗ്ലസ് നടത്തുന്നുണ്ട്. ലബോറട്ടറികളില്‍ പരീക്ഷണത്തിന് വിധേയമാക്കിയ മണ്ണ് ആണ് അദ്ദേഹം കൃഷിയ്ക്കായി ഉപയോഗിക്കുന്നത്. റെക്കോര്‍ഡ് നേടിയ തക്കാളികള്‍ അടുക്കളത്തോട്ടത്തിലെ ഗ്രീന്‍ഹൗസിലാണ് ഡൂഗ്ലസ് വിളയിച്ചത്.

Exit mobile version