ക്രൂര ബലാത്സംഗങ്ങള്‍ നടത്തി പ്രതി മുങ്ങി നടന്നത് 35 വര്‍ഷം : ഒടുവില്‍ പിടികൂടി, 650 വര്‍ഷം തടവ്

നാഷ് വില്ലെ : യുഎസിലെ ടെന്നെസിയില്‍ ക്രൂരമായ ബലാത്സംഗങ്ങളും ആക്രമണങ്ങളും നടത്തി മുപ്പതിലധികം വര്‍ഷങ്ങള്‍ സ്വതന്ത്രനായി കഴിഞ്ഞ പ്രതിക്ക് ഒടുവില്‍ ശിക്ഷ. ഗ്രീന്‍സ്ബര്‍ഗ് സ്വദേശിയായ സ്റ്റീവന്‍ റേ ഹ്ലേസര്‍ക്കാണ് (59) 1980-85 കാലയളവില്‍ നടത്തി വന്ന ക്രൂര കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് കോടതി ശിക്ഷ വിധിച്ചത്. 650 വര്‍ഷം കഠിന തടവാണ് ശിക്ഷ.

എണ്‍പതുകളില്‍ ടെന്നസിയിലെ ഷെല്‍ബി കൗണ്ടിയെ ഭീതിയില്‍ നിര്‍ത്തിയ കുറ്റവാളിയായിരുന്നു സ്റ്റീവന്‍. രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ച് കയറി ഇരകളെ ഉറക്കത്തില്‍ നിന്നുണര്‍ത്തി കെട്ടിയിട്ട് പീഡിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതി. തെളിവ് നശിപ്പിക്കാന്‍ തൊട്ട സാധനങ്ങളെല്ലാം മോഷ്ടിക്കുകയും ചെയ്യും. കോട്ടും മാസ്‌കും ധരിച്ചായിരുന്നു ഇയാള്‍ അക്രമം നടത്തിയിരുന്നത്. മുപ്പത്തിയഞ്ച് വര്‍ഷത്തോളം മുങ്ങി നടന്ന ഇയാള്‍ 2020ല്‍ പോലീസിന്റെ പിടിയിലാവുകയും ഇക്കഴിഞ്ഞ മാര്‍ച്ച് 3ന് കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.

2020ല്‍ സ്റ്റീവന്റെ ഉമിനീര്‍ പതിച്ച ഒരു വാട്ടര്‍ എന്‍വലപ്പാണ് ഇയാളെ കുടുക്കിയത്. 1985ല്‍ ഇയാള്‍ അവസാനം ആക്രമണം നടത്തിയ ഒരു പ്രദേശത്ത് നിന്ന് ലഭിച്ച ഡിഎന്‍എ ഇതിനോട് സാമ്യം പുലര്‍ത്തുകയും ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെന്ന് തെറ്റിദ്ധരിച്ച് മറ്റൊരാളെ പോലീസ് 1983ല്‍ അറസ്റ്റ് ചെയ്ത് ജയിലടച്ചിരുന്നു. ഇതാണ് സ്റ്റീവനുള്ള ശിക്ഷ വൈകിയതിന്‌ കാരണം.

രണ്ട് ബലാത്സംഗം, ഏഴ് കവര്‍ച്ച, മൂന്ന് കൊലപാതക ശ്രമങ്ങള്‍ എന്നിവയാണ് സ്റ്റീവനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. മുതിര്‍ന്ന സ്ത്രീകള്‍ മുതല്‍ പതിനാറുകാരി വരെ സ്റ്റീവന്റെ ക്രൂര പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. ഒരു മധ്യവയസ്‌കനെ ഇയാള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി വീട് കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ജീവിതകാലം മുഴുവന്‍ ജയിലിയടയ്ക്കണമെന്ന് താന്‍ ആഗ്രഹിച്ച ഏക വ്യക്തിയാണ് സ്റ്റീവന്‍ എന്നാണ് ഷെല്‍ബി കൗണ്ടി പ്രോസിക്യൂട്ടര്‍ ബ്രാഡ് ലാന്‍ഡ്വെര്‍ലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Exit mobile version