അതിജീവനത്തിന്റെ സംഗീതം : ബോംബ് ഷെല്‍ട്ടറില്‍ വയലിന്‍ വായിച്ച് ഉക്രെയ്ന്‍ യുവതി, വീഡിയോ

റഷ്യന്‍ ബോംബുകളെ പേടിച്ച് ബങ്കറുകളിലും ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ജീവിതം തള്ളി നീക്കുകയാണ് ഉക്രെയ്ന്‍ ജനത. ഇത്തരമൊരു ഷെല്‍ട്ടറില്‍ നിന്നുള്ള ഹൃദയഭേദകമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആക്രമണങ്ങള്‍ക്കിടെ അഭയകേന്ദ്രത്തിനുള്ളില്‍ ഒരു യുവതി വയലിന്‍ വായിക്കുന്നതാണ് വീഡിയോ. ഉക്രെയ്‌നിയന്‍ ഗാനമായ ‘nich uaka msiyachna’ ആണ് ഇവര്‍ വായിക്കുന്നതെന്നാണ് വിവരം. ഭയാനകമായ ഭംഗി എന്നാണ് എല്ലാവരും ഈ വയലിന്‍ സംഗീതത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും ദുരിതപൂര്‍ണമായ അവസ്ഥയില്‍ ഈ സംഗീതം നല്‍കുന്ന പ്രത്യാശ വാക്കുകളാല്‍ വിവരിക്കാനാവില്ലെന്നും എത്ര ബോംബിട്ടാലും ഉക്രെയ്ന്‍ ജനങ്ങളുടെ കഴിവിനെയും കലാമികവിനെയും നശിപ്പിക്കാന്‍ പുടിന് കഴിയില്ലെന്നുമൊക്കെ ആളുകള്‍ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെടുന്നു.

ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഉക്രെയ്ന്‍ ജനതയുടെ അതിജീവനശ്രമമായി ചൂണ്ടിക്കാട്ടി നിരവധി പേര്‍ ഇത് പ്രചരിപ്പിക്കുന്നുമുണ്ട്. നേരത്തേ ഒരു അഭയകേന്ദ്രത്തില്‍ ഉക്രെയ്‌ന്റെ ദേശീയ ഗാനം ഫ്‌ളൂട്ടില്‍ വായിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയും ഇത്തരത്തില്‍ വൈറലായിരുന്നു.

Exit mobile version