സ്‌ഫോടനങ്ങള്‍ക്കിടയിലും ആശ്വാസമായി കുഞ്ഞ് മിയയെത്തി : ഉക്രെയ്‌നില്‍ മെട്രോയിലെ ഷെല്‍റ്ററില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

നാല് ചുറ്റും നടക്കുന്ന ഉഗ്ര സ്‌ഫോടനങ്ങള്‍ക്കിടയിലാണ് നിര്‍ത്താതെയുള്ള ആ കരച്ചില്‍ ഉക്രെയ്‌നിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. കീവില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് മെട്രോ സ്‌റ്റേഷനില്‍ അഭയം പ്രാപിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ കരച്ചിലാണത്.

ഒന്നും നോക്കാതെ അവര്‍ യുവതിയുടെ അടുത്തേക്ക് പാഞ്ഞു. യുവതിക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു. എട്ടരയോടെ കീവില്‍ പുടിന്‍ ബോംബ് വര്‍ഷം തുടരുന്നതിനിടെ ആ സ്റ്റേഷനില്‍ അവര്‍ക്കാശ്വാസമായി കുഞ്ഞ് മിയയെത്തി. കുഞ്ഞിക്കൈകള്‍ കൊണ്ട് അമ്മയെ മുറുകെപ്പിടിച്ചിരിക്കുന്ന മിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

‘മിറക്കിള്‍ ബേബി’ എന്നാണ് മിയയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. നിരാശാജനകമായ അവസ്ഥയിലും പ്രതീക്ഷ നല്‍കുന്ന ഒന്നാണ് മിയയുടെ ജനനം എന്നാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന ഒട്ടുമിക്ക എല്ലാ കമന്റുകളും സൂചിപ്പിക്കുന്നത്. ജനനശേഷം മിയയെയും അമ്മയെയും ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇരുവരും സുഖമായിരിക്കുന്നു എന്നാണ് വിവരം.

അതേസമയം ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളില്‍ നഗരപ്രാന്തങ്ങളില്‍ ഉഗ്ര സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. താനടക്കം ആരും നഗരം വിട്ടു പോയിട്ടില്ലെന്നും നഗരം ആര്‍ക്കും വിട്ട് കൊടുക്കില്ലെന്നും പ്രസിഡന്റ് വോളോമിദിര്‍ സെലന്‍സ്‌കി വ്യക്കമാക്കിയിട്ടുണ്ട്‌.

Exit mobile version