മക്കളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ നെറ്റ് കട്ടാക്കി : നഗരം മുഴുവന്‍ ഓഫ്‌ലൈന്‍ ആക്കിയതിന് അച്ഛന്‍ അറസ്റ്റില്‍

ഫോണില്‍ കളിക്കുന്നതിന് വഴക്ക് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഇപ്പോഴൊന്നും അതിന് പ്രായവ്യത്യാസവുമില്ല. ചെറിയ കുട്ടികള്‍ മുതല്‍ കുട്ടികളുടെ അച്ഛനും അമ്മയും വരെ ചിലപ്പോള്‍ ഫോണിന്റെ പേരില്‍ വഴക്ക് കേള്‍ക്കും. പക്ഷേ നമ്മുടെയൊക്കെ വീട്ടില്‍ കുറച്ച് വഴക്ക് കേട്ട് കഴിയുമ്പോള്‍ ഒന്നുകില്‍ വഴക്ക് പറയുന്നവര്‍ മടുത്ത് പിന്‍വാങ്ങും ഇല്ലെങ്കില്‍ ഫോണില്‍ കളിക്കുന്നവര്‍ അതെടുത്ത് മാറ്റി വയ്ക്കുന്നതോടെ പ്രശ്‌നം തീരും. ചിലപ്പോഴൊക്കെ ചെറിയ ചില ‘പൊട്ടിത്തെറികള്‍ക്കും’ ഫോണ്‍ കാരണമാവാറുണ്ട്.

എന്നാല്‍ ഫ്രാന്‍സിലൊരു അച്ഛന്‍ മക്കളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ കുറച്ച് കൂടി കടന്ന് ചിന്തിച്ച് ജയിലിലായിരിക്കുകയാണ്. കുട്ടികള്‍ രാത്രിയെന്നില്ല പകലെന്നില്ലാതെ ഫുള്‍ ടൈം ഓണ്‍ലൈനായതോടെ നെറ്റ് കട്ടാക്കാന്‍ സിഗ്നല്‍ ജാമര്‍ ഉപയോഗിച്ചതാണ് യുവാവിനെ കുടുക്കിയത്. ജാമര്‍ ഉപയോഗിച്ചതോടെ നഗരത്തിലെ മുഴുവന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നിലച്ചു.

അസ്വാഭാവികമായി സിഗ്നല്‍ ഡ്രോപ് കണ്ടെത്തിയതോടെ ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സ് നാഷണല്‍ ദെ ഫ്രീക്വന്‍സിയിലേക്ക് പരാതിയെത്തി. തുടര്‍ന്നുണ്ടായ പരിശോധനയിലാണ് സിഗ്നല്‍ ജാമര്‍ ഉപയോഗിച്ചതാണ് കാരണമെന്ന് കണ്ടെത്തിയത്. ജാമര്‍ ഉപയോഗിച്ചയാളെ കണ്ടെത്താന്‍ ഏജന്‍സിക്ക് അധികം സമയവും വേണ്ടി വന്നില്ല.

മക്കള്‍ രാത്രി ഏറെ വൈകിയും ഫോണില്‍ കളിക്കുന്നതിനാലാണ് സിഗ്‌നല്‍ ജാമര്‍ ഉപയോഗിച്ചതെന്നും നഗരത്തിലെ മുഴുവന്‍ സേവനം തടസ്സപ്പെടുത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നെങ്കിലും ഫ്രാന്‍സില്‍ സിഗ്നല്‍ ജാമര്‍ ഉപയോഗിക്കുന്നത് കുറ്റകരമായതിനാല്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. മുപ്പതിനായിരം യൂറോ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

Exit mobile version