ഫ്രഞ്ച് കത്തോലിക്കാ പള്ളിയിലെ ബാലപീഡന പരമ്പര : ഭൂസ്വത്തുക്കള്‍ വിറ്റ് നഷ്ടപരിഹാരം നല്‍കാന്‍ സഭ

ലൂര്‍ദസ് : ഫ്രഞ്ച് കത്തോലിക്കാ പള്ളിയില്‍ കാലങ്ങളായി നടന്ന് വന്ന ബാലപീഡനങ്ങള്‍ക്കിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ച് സഭ. സഭയുടെ തന്നെ ഭൂസ്വത്തുക്കള്‍ വിറ്റ് നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെത്തുടര്‍ന്നാണ് നടപടി.

1950 മുതല്‍ പള്ളിയില്‍ നടന്ന് വന്ന ബാലപീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തു വന്നത്. 1950നും 2020നുമിടയില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ പള്ളിയില്‍ പീഡനങ്ങള്‍ക്കിരയായിട്ടുണ്ടെന്നായിരുന്നു സ്വതന്ത്ര കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

പുരോഹിതന്മാര്‍ അടക്കം 3000ത്തോളം പേരെ കമ്മിഷന്‍ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു. സഭയുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് തന്നെ പീഡനം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇടവകക്കാരില്‍ നിന്ന് ഇതിനായി സംഭാവന പിരിക്കരുതെന്നും അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു.

നടന്ന സംഭവങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തമെന്നോണം കഴിഞ്ഞ ദിവസം പുരോഹിതന്മാര്‍ പ്രമുഖ തീര്‍ഥാന കേന്ദ്രമായ ലൂര്‍ദസില്‍ മുട്ട് കുത്തി പ്രാര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പ്രാര്‍ഥനകൊണ്ട് കാര്യമില്ലെന്നും തങ്ങള്‍ക്ക് ലഭിക്കേണ്ടെന്ന് നീതിയാണെന്നും ചൂണ്ടിക്കാട്ടി പീഡനത്തിനിരയായവരില്‍ പലരും ചടങ്ങ് ബഹിഷ്‌കരിക്കുകയാണുണ്ടായത്.

Exit mobile version