ചൈനയുടേത് വേണ്ട, ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മതി; നേപ്പാള്‍

കാഠ്മണ്ഡു: ചൈനയുടെ സീനോവാക് വാക്സിന്‍ നിരസിച്ച് നേപ്പാള്‍. വാക്‌സീന്റെ കാര്യത്തില്‍ ഇന്ത്യയെത്തന്നെ ആശ്രയിക്കാനാണ് നേപ്പാളിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വാക്സിന്‍ ലഭ്യമാക്കുന്നതിന് ഇരുരാജ്യങ്ങളും ഉടന്‍ കരാറില്‍ ഒപ്പിട്ടേക്കും. ആറാമത് ഇന്ത്യ-നേപ്പാള്‍ ജോയിന്റ്കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി ജനുവരി 14-ന് ഡല്‍ഹിയിലെത്തുന്നുണ്ട്.

സിനോവാക് വാക്‌സീന്‍ പതിപ്പ് നല്‍കുന്നതിന് നേപ്പാളിനു ചൈനയില്‍നിന്നു വാഗ്ദാനമുണ്ടായിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍, ഇവിടെനിന്നുള്ള വാക്‌സീന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു നേപ്പാള്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ നിലാംബര്‍ ആചാര്യ വാക്‌സീന്‍ നിര്‍മാതാക്കളുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും നിരവധി തവണ കൂടിക്കാഴ്ചകളും നടത്തി.

അതിര്‍ത്തി വിഷയത്തില്‍ ചൈനയ്‌ക്കൊപ്പം നിന്ന നേപ്പാള്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയോട് അടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ നേപ്പാള്‍ സന്ദര്‍ശിച്ച കരസേനാ മേധാവി മേജര്‍ ജനറല്‍ എംഎം നരവനെയെ സൈനിക ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും വാണിജ്യ, ഊര്‍ജ്ജ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകളും നടത്തിയിരുന്നു.

Exit mobile version