പരീക്ഷണങ്ങളുടെ പേരില്‍ മൃഗങ്ങളോട് ക്രൂരത; വീഡിയോ വൈറല്‍

പലപ്പോഴും ലാബുകളിലെ പരീക്ഷണ വസ്തു മൃഗങ്ങള്‍ ആവാറുണ്ട്. ഇത്തരം മിണ്ടാപ്രാണികളില്‍ പരീക്ഷണം നടത്തി അത് വിജയകരമായാലെ അവ മനുഷ്യരിലേക്ക് എത്തിക്കുകയുള്ളു. എന്നാല്‍ പരീക്ഷണത്തിന് വിദേയമാവുന്ന ജീവികള്‍ നേരിടുന്ന ക്രൂരമായ അവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തം.

ഇത്തരം പരീക്ഷണങ്ങള്‍ക്ക് വിദേയമായ പൂച്ച, കുരുങ്ങ് തുടങ്ങിയ മൃഗങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ജര്‍മ്മനിയിലെ ഒരു സ്വകാര്യലാബില്‍ നിന്നുള്ള കഴ്ച്ചയാണ് ഇത്. രഹസ്യാന്വേഷണത്തിലൂടെ ക്രുവല്‍റ്റി ഫ്രീ ഇന്റര്‍നാഷണല്‍ ആണ് ഇത് കണ്ടെത്തി പുറത്തുവിട്ടത്.

കുരുങ്ങ്, പൂച്ച, പട്ടി തുടങ്ങിയ ജീവികളാണ് വീഡിയോയില്‍ ഉള്ളത്. മരുന്നുകളുടെ പരീക്ഷണമാണ് ഇവിടെ മൃഗങ്ങള്‍ക്കുമേല്‍ നടത്തുന്നത്. യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും വിവിധ കമ്പനികള്‍ ടോക്‌സിക്കോളജി ടെസ്റ്റുകള്‍ നടത്തുന്നത് ഈ ലാബിലാണ്.

മരുന്നുകമ്പനികള്‍ മാത്രമല്ല, ഒപ്പം വിവിധ വ്യവസായ ശാലകള്‍, കീടനാശിനി നിര്‍മ്മാതാക്കള്‍, രാസവള നിര്‍മ്മാതാക്കള്‍ എന്നിവരെല്ലാം ഇവിടെ തങ്ങളുടെ ഉത്പന്നം പരീക്ഷിക്കാനെത്താറുണ്ട്. ഇവയില്‍ കുത്തിവെയ്ക്കും ചിലത് കഴിക്കാന്‍ കൊടുക്കും ചിലതാകട്ടെ കണ്ണിലൊഴിക്കുകയാണ് ചെയ്യുന്നത്.

പരീക്ഷണം കഴിയുമ്പോഴേക്കും ചിലതൊക്കെ മരിക്കും. ഇത്തരത്തില്‍ നിരവധി മൃഗങ്ങളാണ് ഇവിടെ നിന്നും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല അതുവരെയുള്ള ജീവിതവും ദയനീയമാണ്. ചെറിയ കൂടുകളിലാണ് ഓരോ മൃഗങ്ങളെയും പാര്‍പ്പിച്ചിരിക്കുന്നത്.

2015 മുതല്‍ ഒമ്പത് തവണ ഇതേ ലാബില്‍ അധികൃതര്‍ പരിശോധന നടത്തിയതാണ്. അതില്‍ ഏഴെണ്ണവും യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായി നടത്തിയ പരിശോധനയാണ്. അതിലൊരെണ്ണം നടന്നത് ഒക്ടോബര്‍ എട്ടിനാണ്. അന്ന്, മൃഗങ്ങളെ ഇത്തരം ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നും ലാബ് പ്രവര്‍ത്തിച്ചു.

വീഡിയോ കണ്ട് നിരവധി ആളുകളാണ് രംഗത്ത് വന്നത്. ഇത്തരം ലാബുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മൃഗങ്ങളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കാനും ലാബ് അടച്ച് പൂട്ടാനും പലരും അഭിപ്രായപ്പെട്ടു.

Exit mobile version