സ്ത്രീകള്‍ പിസ്സ കഴിക്കുന്ന പരസ്യങ്ങള്‍ കാണിക്കാന്‍ പാടില്ലെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി ഇറാന്‍

ടെഹ്‌റാന്‍ : സ്ത്രീകള്‍ പിസ്സയോ സാന്‍ഡ്‌വിച്ചോ കഴിക്കുന്ന പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി ഇറാന്‍. പരിശോധനയ്ക്ക് ശേഷമാണ് ചാനലുകള്‍ക്കും ചലച്ചിത്രനിര്‍മാതാക്കള്‍ക്കും സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് ഇറാന്‍ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

പിസ്സ കഴിക്കുന്നത് കൂടാതെ ജോലിസ്ഥലങ്ങളില്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് ഭക്ഷണം വിളമ്പുന്നതും സ്ത്രീകള്‍ ചുവന്ന നിറത്തിലുള്ള പാനീയങ്ങള്‍ കുടിക്കുന്നതും സംപ്രേഷണം ചെയ്യുന്നതിന് വിലക്കുണ്ട്. സ്‌ക്രീനില്‍ സ്ത്രീകള്‍ ലെതര്‍ ഗ്ലൗസുകളും ധരിക്കാന്‍ പാടില്ലെന്നാണ് നിയമം.

സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചഭിനയിക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും അത് പുറത്തുവിടുന്നതിന് മുമ്പ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐആര്‍ഐബി) കണ്ട് അവ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഐആര്‍ഐബി ഹെഡ് ആമിര്‍ ഹുസ്സൈന്‍ ഷംഷാദി പറഞ്ഞു.

ഹോം തിയറ്ററുകള്‍ക്കും ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നത് ഐആര്‍ഐബിയാണ്. പിഴകള്‍ ഒഴിവാക്കുന്നതിന് ചില ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ സ്വയം സെന്‍സറിംഗ് നടത്താറുണ്ട്.

Exit mobile version