അഫ്ഗാനില്‍ പുതിയ തലമുറകള്‍ക്ക് ജന്മം നല്‍കാനാണ് സ്ത്രീകള്‍, മന്ത്രിയാകാനല്ല : നിലപാട് വ്യക്തമാക്കി താലിബാന്‍

Afghanistan | Bignewslive

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ തലമുറകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമുള്ളവരാണ് സ്ത്രീകളെന്നും അതിനാലാണ് മന്ത്രിസഭയില്‍ വനിതാ മന്ത്രിമാരില്ലാത്തതെന്നും നിലപാട് വ്യക്തമാക്കി താലിബാന്‍. മന്ത്രിസഭയില്‍ സ്ത്രീകളുടെ ആവശ്യമില്ലെന്നും പ്രസവിക്കാനുള്ളവരാണവരെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സയദ് സക്കീറുള്ള പറഞ്ഞു.

താലിബാന്‍ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യമില്ലെന്നതിനെ സംബന്ധിച്ച ടോളോ ന്യൂസിന്റെ ചോദ്യത്തിനായിരുന്നു സക്കീറുള്ള ഹാഷ്മിയുടെ പ്രതികരണം.”ഒരു സ്ത്രീക്ക് ഒരിക്കലും മന്ത്രിയാകാന്‍ സാധിക്കില്ല. കാരണം അവരുടെ കഴുത്തിലൊരു ഭാരം ചുമത്തുന്നതുപോലെയാണ് അത്. അവര്‍ക്ക് അത് താങ്ങാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ മന്ത്രിസഭയില്‍ അവരുടെ ആവശ്യമില്ല. ഗര്‍ഭം ധരിക്കാനും കുഞ്ഞിന് ജന്മം നല്‍കാനും മാത്രമാണ് സ്ത്രീകള്‍. പ്രതിഷേധിക്കുന്നവര്‍ യഥാര്‍ഥ അഫ്ഗാന്‍ വനിതകളുടെ പ്രതിനിധികളല്ല.” ഹാഷ്മി വ്യക്തമാക്കി.

സമൂഹത്തില്‍ പകുതിയിലധികവും സ്ത്രീകളാണെന്ന് അഭിമുഖം നടത്തുന്ന വ്യക്തി അഭിപ്രായപ്പെട്ടപ്പോള്‍ ഞങ്ങള്‍ സ്ത്രീകളെ പകുതിയായി കണക്കാക്കിയിട്ടില്ല എന്നായിരുന്നു ഹാഷ്മിയുടെ മറുപടി.”എല്ലാവരും ചേര്‍ന്ന് പാതി എന്ന വാക്കിനെ വളച്ചൊടിച്ചിരിക്കുകയാണ്. സ്ത്രീകളെ ക്യാബിനെറ്റില്‍ ഉള്‍പ്പെടുത്തുകയാണ് പാതി എന്നതുകൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത്. അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിന് ആര്‍ക്കും പരാതിയില്ല. ഇക്കഴിഞ്ഞ ഇരുപത് വര്‍ഷം യുഎസിനെയും അഫ്ഗാനിലെ അവരുടെ പാവ സര്‍ക്കാരിനെയും മാധ്യമങ്ങള്‍ വിമര്‍ശിച്ചു. എന്നിട്ടും അവര്‍ ഓഫീസില്‍ വേശ്യാവൃത്തി അനുവദിച്ചിരുന്നോ? ഹാഷ്മി ചോദിച്ചു.

ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം വേശ്യകളാണെന്ന പരാമര്‍ശം തെറ്റാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അഫ്ഗാനിലെ എല്ലാ സ്ത്രീകളെയും അല്ല എന്നായിരുന്നു താലിബാന്‍ വക്താവിന്റെ മറുപടി.”നാല് സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിച്ചെന്ന് കരുതി അവര്‍ മുഴുവന്‍ അഫ്ഗാന്‍ സ്ത്രീകളുടെയും പ്രതിനിധികളല്ല. അഫ്ഗാന്‍ സ്ത്രീകള്‍ രാജ്യത്തിനായി ഭാവി തലമുറയ്ക്ക് ജന്മം നല്‍കാനുള്ളവരാണ്. ഇസ്ലാമിക ധാര്‍മിക മൂല്യങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം അവര്‍ക്ക് നല്‍കും.” ഹാഷ്മി വ്യക്തമാക്കി.

Exit mobile version