ആമികയുടെ ഫ്രീ പിരീഡ്‌സ് ക്യാംപെയ്ന്‍ ഫലം കണ്ടു; ടൈം മാഗസിന്‍ പട്ടികയില്‍ ഇടംപിടിച്ച് മലയാളി പെണ്‍കുട്ടി

ഹൂസ്റ്റണ്‍: ടൈം മാഗസിന്റെ 2018ലെ സ്വാധീനശേഷിയുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി പെണ്‍കുട്ടിയും. സാനിറ്ററി നാപ്കിനുകളുടെ ചെലവ് താങ്ങാനാകാത്തവര്‍ക്കായി ചെയ്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് മലയാളിയായ ആമിക ജോര്‍ജ് പട്ടികയില്‍ ഇടം പിടിച്ചത്. ആമികയെ കൂടാതെ ഇന്ത്യന്‍ വംശജരായ കാവ്യ കോപരപ്പ്, റിഷഭ് ജെയ്ന്‍ എന്നിവരാണു പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

നാപ്കിനിന്റെ അമിത ചെലവ് താങ്ങാനാകാത്തതിനാല്‍ യുകെയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്ഥിരമായി ക്ലാസുകള്‍ നഷ്ടമാകുന്നു. ഇത് എന്നെ അസ്വസ്ഥയാക്കി ആമിക പറയുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സര്‍ക്കാരും തയാറായിരുന്നില്ലെന്നും ആമിക വ്യക്തമാക്കി.

ഇതേത്തുടര്‍ന്നാണ് ഫ്രീ പിരീഡ്‌സ് ക്യാംപെയ്ന്‍ തുടങ്ങിയത്. 2,00,000 പേരുടെ ഒപ്പു ശേഖരിച്ച് ആമിക നടത്തിയ പ്രചാരണം ലക്ഷ്യം കണ്ടു. ഇതോടെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ആദ്യമായി ഫണ്ട് അനുവദിച്ചു. കേരളത്തിലെ ഷീ പാഡ് പോലുള്ള പദ്ധതികളും ആമികയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചു.

യുഎസിലെ ഒറിഗണില്‍ താമസിക്കുന്ന റിഷഭ് ജെയ്ന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ചികില്‍സയില്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതിന് സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചതാണ് റിഷഭിനെ നേട്ടത്തിന് അര്‍ഹനാക്കിയത്.

ബ്രെയിന്‍ കാന്‍സര്‍ രോഗികളുടെ കോശപരിശോധന നടത്തുന്നതിനുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് കാവ്യ കോപരപ്പ് വികസിപ്പിച്ചത്. 18 കാരിയായ കാവ്യ ഹാര്‍വഡ് സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്.

Exit mobile version