പുഴയില്‍ വീണ പന്തെടുക്കാന്‍ ഓടി പെണ്‍കുട്ടി; കരയിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തി നായക്കുട്ടി; ഒപ്പം പന്തെടുത്ത് നല്‍കി ഒരു കൈ സഹായവും; വൈറലായി വീഡിയോ

കുഞ്ഞ് പുഴയില്‍ വീണ് അപകടം സംഭവിക്കാതിരിക്കാന്‍ പിന്തിരിപ്പിക്കുന്ന നായയാണ് ഈ വീഡിയോയിലെ താരം.

കൊച്ചി: വളര്‍ത്തുമൃഗങ്ങളുടെ സ്‌നേഹവും കരുതലുമൊക്കെ സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയാകുന്ന വിഷയങ്ങളാണ്. വളര്‍ത്തുമൃഗങ്ങളുടെ കൂട്ടത്തില്‍ വളര്‍ത്തു നായകളുടെ സ്‌നേഹം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. മനുഷ്യനോട് അത്രമാത്രം ആത്മാര്‍ത്ഥതയും സ്‌നേഹവും ഒപ്പം സൂക്ഷ്മ ബുദ്ധിയും കാണിക്കുന്ന മറ്റൊരു വളര്‍ത്തുമൃഗമില്ലെന്ന് പറയേണ്ടി വരും.

ഈ വിശേഷണം ശരിവയ്ക്കുന്ന തരത്തില്‍, പുഴയില്‍ വീണ പന്തെടുക്കാനായി വെള്ളത്തിലിറങ്ങാന്‍ ശ്രമിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ രക്ഷിച്ച് കൈയ്യടി വാങ്ങുകയാണ് ഈ വളര്‍ത്തുനായ. കുഞ്ഞ് പുഴയില്‍ വീണ് അപകടം സംഭവിക്കാതിരിക്കാന്‍ പിന്തിരിപ്പിക്കുന്ന നായയാണ് ഈ വീഡിയോയിലെ താരം. ഒരു രക്ഷിതാവിന്റെ കരുതല്‍ കാണിച്ച് സ്‌നേഹം പരത്തുന്ന ഈ വീഡിയോയ്ക്ക് ആയിരക്കണക്കിന് കാഴ്ചക്കാരും ഇഷ്ടക്കാരുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫിസിക്സ് ആസ്ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ വൈറലാവുകയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്.

പന്തെടുക്കാന്‍ പുഴയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ ഉടുപ്പില്‍ കടിച്ച് പിന്നിലേക്ക് വലിക്കുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്. പെണ്‍കുട്ടിയെ പുഴവക്കില്‍ നിന്നും വലിച്ച് കൊണ്ടുവന്ന് തള്ളിയിട്ട ശേഷം പുഴയില്‍ വീണ പന്തെടുക്കാന്‍ വെള്ളത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നുണ്ട് ഈ നായ. പന്ത് വെള്ളത്തില്‍ നിന്നും കടിച്ചെടുത്തുകൊണ്ടു വരുന്ന നായയേയും വീഡിയോയില്‍ കാണാം. 16 സെക്കന്‍ഡുകള്‍ മാത്രമാണ് വിഡിയോയുടെ ദൈര്‍ഘ്യമെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

വീഡിയോ:

Exit mobile version