സംസ്ഥാനത്ത് കനത്തമഴ ദുരിതം വിതക്കുന്നു; കരിപ്പൂരിൽ വീട് തകർന്നു വീണ് രണ്ടുകുട്ടികൾ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതയ്ക്കുന്നു. മലപ്പുറം കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. രാത്രി മുഴുവൻ നിർത്താതെ പെയ്ത മഴയാണ് ദുരിതം വിതച്ചത്. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് തകർന്നുവെന്നാണ് വിവരം. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലർച്ചെ മണ്ണിടിഞ്ഞത്. ഗതാഗത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാർക്കാടുനിന്ന് ഫയർഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ചുനീക്കി. എന്നാൽ പാറക്കല്ലുകൾ നീക്കാൻ കഴിഞ്ഞിട്ടില്ല.

ഒക്ടോബർ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളിൽ ഓറഞ്ച് അലെർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

Exit mobile version