അരി വിതരണം ചെയ്യാം; തെരഞ്ഞെടുപ്പ് കമ്മീഷനെ തിരുത്തി സർക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി; ഇരുട്ടടിയായത് പ്രതിപക്ഷത്തിന്

chennithala1

കൊച്ചി: മുൻഗണനേതര വിഭാഗത്തിന് സ്‌പെഷ്യൽ അരി വിതരണം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌പെഷ്യൽ അരി വിതരണം തുടരാമെന്നാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകാർക്ക് അനുവദിച്ച സ്‌പെഷ്യൽ അരി വിതരണം നിർത്തിവെയ്ക്കണമെന്ന് നിർദേശിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

അതേസമയം, സർക്കാരിന് അനുകൂലമായി വിധി വന്നത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്‌പെഷ്യൽ അരി വിതരണം എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അരി വിതരണത്തിന് എതിരെ രംഗത്തെത്തിയിരുന്നത്.

ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിതരണം കമ്മീഷൻ വിലക്കിയതും. അതേ സമയം അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കിലോയ്ക്ക് 15 രൂപ നിരക്കിൽ നീല, വെള്ള കാർഡുകാർക്കാണ് സ്‌പെഷ്യൽ അരി വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതാണെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.

Exit mobile version