സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ്: 25 മരണം; 7550 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 6910 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60494 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് 4981 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 87738 ആയി. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മെച്ചപ്പെട്ട നിലയിലാണ്. 10 ലക്ഷത്തില്‍ 99 ആളുകളാണു മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.3. കേരളത്തില്‍ 7.2 ശതമാനം ആണ്. കൊവിഡ് വ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കിടെ വ്യാപനം വര്‍ധിച്ചിട്ട് പോലും ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണക്കുകള്‍ നോക്കിയാല്‍ കേരളം കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടിയും വെറുതെയായില്ലെന്ന് മനസിലാവും. ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജാഗ്രതക്കുറവുണ്ടായാല്‍ രോഗികളുടെ എണ്ണം ദിവസവും വര്‍ധിക്കും. എല്ലാ ജില്ലകളിലും ലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും നടപടി ശക്തമാക്കും. മാര്‍ക്കറ്റ്, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് കര്‍ശനമായി ഉറപ്പാക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ താഴെ നിര്‍ത്താന്‍ ശക്തമായ നടപടി എല്ലാ ജില്ലയിലും സ്വീകരിക്കും. ഗര്‍ഭിണികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും കൊവിഡ് വന്നാല്‍ ചികിത്സയ്ക്കുള്ള സൗകര്യം ആവശ്യാനുസരണം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.എറണാകുളം ജില്ലയില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ രോഗലക്ഷണം അനുഭവപ്പെടുമ്പോള്‍ തന്നെ ആളുകള്‍ക്ക് ബന്ധപ്പെടാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അതിന് വേണ്ടി മാത്രം ഫോണ്‍ സൗകര്യം ഏര്‍പ്പാടാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version