ഡല്‍ഹി കത്തുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി; മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരണ സംഖ്യ പത്തായി. കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു. മാധ്യമ പ്രവര്‍ത്തകനായ ആകാശിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി മാധ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. എന്‍ഡി ടിവി, ന്യൂസ്18, മനോരമ ന്യൂസ്, ടൈംസ് നൗ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. എന്‍ഡി ടിവിയിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്യാമറകള്‍ തകര്‍ത്ത അക്രമികള്‍, ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്തു. ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്യാന്‍ വിസ്സമ്മതിച്ച എന്‍ഡി ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിനെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു.

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിമാറിയത്. ജാഫ്രാബാദ്, ഗോകുല്‍പുരി, ഭജന്‍പുര എന്നിവിടങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്. ഖജൂരി ഖാസില്‍ കലാപകാരികള്‍ വാഹനങ്ങള്‍ക്ക് തീയിടുന്നു. ഒരു ഓട്ടോറിക്ഷയ്ക്കും ബൈക്കിനും അക്രമികള്‍ തീകൊളുത്തി. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ രണ്ട് പേരെ അക്രമികള്‍ മര്‍ദിച്ചു.

അക്രമം ഭയന്ന് പല പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ വീടൊഴിഞ്ഞ് പോവുകയാണ്.ആയുധങ്ങളുമേന്തി അക്രമികള്‍ പരക്കേ ആക്രമണം അഴിച്ചു വിടുമ്പോള്‍ പലയിടത്തം പോലീസ് സന്നാഹമില്ല. കര്‍ദംപുരിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെയ്പ്പുണ്ടായി. അക്രമത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 150ന് മുകളില്‍ ആളുകള്‍ക്ക്് പരിക്കേറ്റിട്ടുണ്ട്.

അതെസമയം കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹാദ്ര ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് ശര്‍മ അപകടനില തരണം ചെയ്തു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

Exit mobile version