അയോധ്യ കേസില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്; വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കും; പകരം ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും തീരുമാനം

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും. അയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധി വിശദമായി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ നിയമപരമായി ഏതറ്റം വരെ പോകുമെന്നും, മസ്ജിദ് പണിയാന്‍ സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണ്ടേതില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനം. സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്. ജംഇയത്തുല്‍ ഉലമ ഹിന്ദ് എന്ന സംഘടന മാത്രമാണ് പുനഃപരിശോധന ഹര്‍ജിക്കെതിരായ നിലപാടെടുത്തത്.

അതേ സമയം പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിയിലൊരാളായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിയും പങ്കെടുത്തിട്ടില്ല.

ഈ മാസം ഒമ്പതിനാണ് അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നത്. തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ട് നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുമായിരുന്നു സുപ്രീം കോടതി വിധി.

Exit mobile version