പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ഇന്നു വൈകിട്ടാണ് എല്‍ഡിഎഫ് നേതൃയോഗം ചേരുന്നത്

തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ നിയമസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാവും. ഇന്നു ചേര്‍ന്ന എന്‍സിപി നേതൃയോഗം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചു. ഇക്കാര്യം ഇടതു മുന്നണിയെ അറിയിക്കും. മുന്നണി യോഗത്തിനു ശേഷമാവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ഇന്നു വൈകിട്ടാണ് എല്‍ഡിഎഫ് നേതൃയോഗം ചേരുന്നത്. ഈ യോഗത്തില്‍ എന്‍സിപി നിര്‍ദേശം മുന്നോട്ടുവയ്ക്കും. യോഗത്തിന്റെ അംഗീകാരത്തോടെയായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും പാലായില്‍ മാണി സി കാപ്പന്‍ ആയിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. നിലവില്‍ എന്‍സിപി സംസ്ഥാന ട്രഷറര്‍ ആണ് മാണി സി കാപ്പന്‍.

പാലാ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ബുധനാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. സെപ്തംബര്‍ നാല് വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Exit mobile version