വിപണി കീഴടക്കി മൊബൈല്‍ ഫോണില്‍ സംസാരിക്കാവുന്ന ഹെല്‍മെറ്റ്

ഇരു ചെവികളുടെ ഭാഗങ്ങളിലും ഇന്‍ ബില്‍റ്റ് ഇയര്‍ ഫോണും വായുടെ ഭാഗത്ത് മൈക്രോഫോണുമുള്ളതാണ് പുതിയ ഹെല്‍മെറ്റിന്റെ പ്രത്യേകത.

സെല്‍ഫോണ്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനത്തോടുകൂടിയ ഹെല്‍മെറ്റ് വിപണിയിലിറങ്ങി. ഇരു ചെവികളുടെ ഭാഗങ്ങളിലും ഇന്‍ ബില്‍റ്റ് ഇയര്‍ ഫോണും വായുടെ ഭാഗത്ത് മൈക്രോഫോണുമുള്ളതാണ് പുതിയ ഹെല്‍മെറ്റിന്റെ പ്രത്യേകത.

ഇരുചക്രവാഹം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ പുറത്തെടുക്കാതെ തന്നെ ഹെല്‍മറ്റിലൂടെ സംസാരിക്കാനും കേള്‍ക്കാനും കഴിയും. ഇതിനായി ഇതിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കുക മാത്രമല്ല, പുതിയ ഹെല്‍മെറ്റിലുള്ള സൗകര്യം. ആവശ്യത്തിനനുസരിച്ച് പാട്ടും കേള്‍ക്കാം.

പ്രമുഖ ഹെല്‍മെറ്റ് നിര്‍മാണക്കമ്പനിയുടെ ഉത്പന്നത്തിന് ഏതാണ്ട് 2,500 രൂപയാണ് വില. എന്നാല്‍, ഇത്തരം ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് വന്‍ ശിക്ഷ വിളിച്ചു വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇത്തരം ഹെല്‍മെറ്റ് നിരോധിക്കാന്‍ നിയമം നിലവിലില്ല. അതിനാല്‍ ഈ ഹെല്‍മെറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതില്‍ തെറ്റില്ല.

എന്നാല്‍, വാഹനം ഓടിക്കുമ്പോള്‍ ഇതിലെ സംവിധാനം ഉപയോഗപ്പെടുത്തി മൊബൈല്‍ സംസാരിച്ചാല്‍ വകുപ്പ് നിയമപ്രകാരം കേസെടുക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നിതിനുള്ള പരമാവധി ശിക്ഷയായിരിക്കും നല്‍കുക. ലൈസന്‍സ് റദ്ദാക്കുകയും ഒപ്പം പിഴയടപ്പിക്കുകയും ചെയ്യും.

Exit mobile version