സുരക്ഷാ പ്രശ്‌നം : ചൈനീസ് ഫോണുകള്‍ കഴിയുന്നത്ര വേഗം ഉപേക്ഷിക്കാന്‍ ജനങ്ങളോട് ലിത്വേനിയ

വില്‍നിയസ് : സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് ഫോണുകള്‍ എത്രയും പെട്ടന്ന് ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോടാവശ്യപ്പെട്ട് ലിത്വേനിയ. ചൈനീസ് നിര്‍മിതമായ 5ജി ഫോണുകള്‍ക്കാണ് സുരക്ഷാ വീഴ്ചയുണ്ടായി കണ്ടെത്തിയത്.

ചൈനീസ് കമ്പനിയായ ഷഓമിയുടെ ഫോണുകളില്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നവും ഹവായ് ഫോണുകളില്‍ വന്‍ സുരക്ഷാ വീഴ്ചയും ഉണ്ടായിരുന്നതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കള്‍ കഴിയുന്നത്ര വേഗത്തില്‍ അവരുടെ ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കുകയും പുതിയവ വാങ്ങാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്യണമെന്ന് പ്രതിരോധ മന്ത്രാലയം ഉപമന്ത്രി മര്‍ഗിരിസ് അബുകെവികിയസ് മുന്നറിയിപ്പ് നല്‍കി.

Free Tibet, Long Live Taiwan Independence, Democracy movement തുടങ്ങിയ 450ഓളം വാക്കുകള്‍ ഷഓമി സെന്‍സര്‍ ചെയ്യുന്നുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഹവായ് ഫോണുകളിലെ ആപ്പ് സ്റ്റോര്‍ ഉപഭോക്താക്കളെ സുരക്ഷിതമല്ലാത്ത സൈറ്റുകളിലേക്ക് റിഡയറക്ട് ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ആരോപണങ്ങള്‍ ഇരു കമ്പനികളും നിഷേധിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ആശയവിനിമയം സുരക്ഷിതമാണെന്നും സെന്‍സര്‍ ചെയ്യുന്നില്ലെന്നും കമ്പനികള്‍ അറിയിച്ചു.

Exit mobile version