ട്വിറ്റര്‍ വിലക്കി നൈജീരിയ : ഇന്ത്യയുടെ ‘കൂ’ കളം പിടിക്കാനൊരുങ്ങുന്നു

Koo App | Bignewslive

ന്യഡല്‍ഹി : ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതോടെ കളംപിടിക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്‌ളോഗിങ് പ്‌ളാറ്റ്‌ഫോമായ കൂ. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ക്യൂ ഇന്ത്യ നൈജീരിയയില്‍ ലഭ്യമാണെന്നും അവിടുത്തെ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുവെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ ട്വിറ്ററില്‍ കുറിച്ചു. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പൂര്‍വ്വ വിദ്യാര്‍ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൂ പ്‌ളാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യല്‍ വിഭാഗത്തില്‍ കൂ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലും കൂ വിനെ പ്രശംസിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും കൂ പ്‌ളാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.വിവിധ പ്രാദേശിക ഭാഷകള്‍ കൂവില്‍ ലഭ്യമാണ്. മഞ്ഞ നിറമാണ് കൂവിന്റെ തീം കളര്‍. കമ്പ്യൂട്ടറിലും മൊബൈലിലും കൂ ഉപയോഗിക്കാനാവും. ട്വിറ്ററിനോട് സാമ്യതകളുള്ള ആപ്പ് ആണിത്. ട്വിറ്ററില്‍ ട്വീറ്റ് പോലെ കൂവില്‍ കൂ ആണുള്ളത്. റീറ്റ്വീറ്റിന് പകരമായി റീകൂ എന്നും റീട്വീറ്റ് വിത്ത് കമന്റിന് പകരമായി റീകൂ വിത്ത് കമന്റ് എന്നീ സൗകര്യവും കൂവിലുണ്ട്.

Exit mobile version