ഇന്ന് ഗൃഹപ്രവേശം.. കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ തന്റെ സ്വപ്‌നകൂട്ടിലേക്ക് അനിതയെത്തിയത് ചേതനയറ്റ ശരീരവുമായി..! പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്ക് ഉമ്മ കൊടുത്ത് അനിത യാത്രയായത് മരണത്തിലേക്ക്

പാറശാല: കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ സ്വപ്‌നകൂടിന്റെ പാലുകാച്ചലാണ് ഇന്ന്. എന്നാല്‍ വീട്ടിലേക്ക് ആദ്യം എത്തുന്നത് അനിതയുടെ ചേതനയറ്റ ശരീരം. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് അഴിഞ്ഞ് വീണ കയര്‍ സ്‌കൂട്ടറില്‍ കുരുങ്ങി ഉണ്ടായ അപകടത്തിലാണ് അനിത മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ 10.00നാണ് ഗൃഹപ്രവേശം നിശ്ചയിച്ചിരുന്നത്.

എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച അനിത വിടുകളിലെ ജോലികള്‍ ചെയ്ത് എറെ കഷ്ടപ്പെട്ടാണ് മുന്നുമക്കളടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. ഇതിനൊടുവിലാണ് തന്റെ സ്വപ്‌നമായ രണ്ട് മുറികള്‍ മാത്രമുള്ള കൊച്ചുവീട് പണിതുയര്‍ത്തിയത്.

തന്റെ മക്കളുമായി കുടുംബവീട്ടിലായിരുന്നു അനിത താമസിച്ചിരുന്നത്. പിന്നീടാണ് രണ്ട് കിലോമിറ്റര്‍ അകലെയുള്ള ഊരംവിളയില്‍ മുന്ന് സെന്റ് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചത്. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ സഹോദരനടക്കമുളളവര്‍ കഴിഞ്ഞ ദിവസം വീടിനുള്ളിലെ തറ സിമന്റിടുന്നത് അടക്കമുള്ള അവശ്യ ജോലികള്‍ തീര്‍ത്തു. സ്വന്തമായി വീടെന്ന അഗ്രഹം സ്വപ്നം കണ്ട് ജീവിച്ചിരുന്ന മാതാവിന്റെ വിയോഗവിവരമറിഞ്ഞ ഞെട്ടലിലാണ് മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അങ്കിത്, എട്ടിലും ആറിലും പഠിക്കുന്ന സൗമ്യ, അനൂഷ് എന്നിവര്‍

അവസാനത്തെ യാത്ര പറച്ചില്‍…

ഇന്ന് നടക്കേണ്ട പാലുകാച്ചല്‍ ചടങ്ങിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങണം. എന്നിട്ട് പെട്ടന്ന് തിരിച്ചെത്താമെന്നാണ് അനിത അവസാനമായി മക്കളോട് പറഞ്ഞത്. ഗൃഹപ്രവേശനചടങ്ങിന് നിറ സന്തോഷത്തോടെ എത്തേണ്ട അതിഥികള്‍ ഇന്ന് തേങ്ങലടക്കാനാകാതെ കരയുകയാണ് ആ പിഞ്ചോമനകളോട് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും…

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച അനിതയുടെ മൃതദേഹം ബന്ധുക്കളുടെ അഗ്രഹപ്രകാരം പുതിയ വീട്ടില്‍ പത്ത് മിനിറ്റ് പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് കുടുംബ വീട്ടിലേക്ക് കൊണ്ട്‌പോയത്.

ഇന്നലെ രാവിലെ 6.30നു കരമനകളിയിക്കാവിള ദേശീയപാതയില്‍ കരമന പാലത്തിനു സമീപത്തായിരുന്നു അപകടം. മുന്നില്‍ പോയ ലോറിയില്‍ സാധനങ്ങള്‍ മറച്ച് ടാര്‍പോളിനില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞ് സ്‌കൂട്ടറിന്റെ കിക്കറില്‍ കുരുങ്ങി. അനിത നിലവിളിച്ചെങ്കില്ലും ലോറി ഡ്രൈവര്‍ അറിഞ്ഞില്ല. കയറില്‍ കുരുങ്ങി 70 മീറ്ററോളം നീങ്ങിയ സ്‌കൂട്ടര്‍ ഡിവൈഡറിലേക്കു മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ അനിതയെ പോലീസും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version