ഐ ലീഗ്: ഗോകുലത്തിന് മിന്നും ജയം

കോഴിക്കോട്: ഐ ലീഗ് ഈ സീസണില്‍ ആദ്യ വിജയം സ്വന്തമാക്കി
ഗോകുലം എഫ്‌സി. സ്വന്തം തട്ടകത്തില്‍ വച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം ഷില്ലോംഗ് ലജോംഗിനെ തോല്‍പ്പിച്ചത്. ലീഗില്‍ ഗോകുലം കേരളയുടെ ആദ്യ വിജയമാണിത്.

കേരളത്തിനായി ഗനി നിഗമാണ് ആദ്യ ഗോള്‍ നേടിയത്. 43ാം മിനിറ്റില്‍ ഗനിയിലൂടെ ലീഡെടുത്ത ഗോകുലത്തിന്റെ അടുത്ത ഗോള്‍ 56-ാം മിനിറ്റിലെത്തി. അന്റോണിയോ ജെര്‍മനാണ് ലക്ഷ്യം കണ്ടത്. 66-ാം മിനിറ്റില്‍ രാജേഷിലൂടെ ഗോകുലം ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഗനിയുടെ ക്രോസില്‍ നിന്നായിരുന്നു രാജേഷിന്റെ ഗോള്‍. പിന്നീട് 78-ാം മിനിറ്റില്‍ ഷില്ലോങ് ഒരു ഗോള്‍ തിരിച്ചടിച്ചു. ബുവാമായിരുന്നു ഗോള്‍ സ്‌കോറര്‍.

വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ഇതുവരെ ഗോകുലത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

Exit mobile version