ഗോകുലം എഫ്‌സി സെലക്ഷന്‍ ട്രയലെന്ന് വ്യാജ വാട്‌സ്ആപ്പ് സന്ദേശം; തെറ്റിദ്ധരിച്ച് എത്തിയത് അഞ്ഞൂറോളം കുട്ടികള്‍

ഫുട്‌ബോള്‍ ക്ലബായ ഗോകുലം എഫ്‌സി കുട്ടികള്‍ക്ക് വേണ്ടി സെലക്ഷന്‍ ട്രെയല്‍ നടത്തുന്നുവെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശം വിശ്വസിച്ച് എത്തിയത് നൂറുകണക്കിന് കുട്ടികള്‍.

തിരുവനന്തപുരം: ഫുട്‌ബോള്‍ ക്ലബായ ഗോകുലം എഫ്‌സി കുട്ടികള്‍ക്ക് വേണ്ടി സെലക്ഷന്‍ ട്രെയല്‍ നടത്തുന്നുവെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശം വിശ്വസിച്ച് എത്തിയത് നൂറുകണക്കിന് കുട്ടികള്‍.

ഗോകുലം എഫ്‌സിയുടെ സെലക്ഷന്‍ ട്രെയലിനായി 30-ാം തീയതി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തണം എന്നായിരുന്നു സന്ദേശം. എന്നാല്‍ ഇതും വിശ്വസിച്ച് എത്തിയ കുട്ടികള്‍ ചതിക്കപ്പെടുകയായിരുന്നു. 13 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് വ്യാജ സന്ദേശം വിശ്വസിച്ച് എത്തിയത്.

ചില സ്‌കൂളുകളില്‍ നിന്നും സ്‌പോര്‍ട്‌സ് ക്ലബുകളില്‍ നിന്നും അധ്യാപകര്‍ നേരിട്ട് വിദ്യാര്‍ത്ഥികളുമായി എത്തിയിരുന്നു. ഗോകുലം എഫ്‌സിയുടെ ഒഫീഷ്യല്‍ പേജിലും ഇതേക്കുറിച്ച് വാര്‍ത്ത ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതേസമയം, സെലക്ഷന്‍ ട്രയലിനെപ്പറ്റി വന്നത് വ്യാജവാര്‍ത്തയാണെന്നാണ് ഗോകുലം എഫ്‌സി പ്രതിനിധികള്‍ പറയുന്നത്.

ഏതാണ്ട് അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ദൂരസ്ഥലങ്ങളില്‍ നിന്നടക്കം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിയത്. ഇന്ന് അധ്യയന ദിവസമായതിനാല്‍ തന്നെ സ്‌കൂളില്‍ നിന്നും അവധിയെടുത്താണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ പരിപാടിക്കായി എത്തിയത്.

Exit mobile version