ഇന്ത്യയ്ക്ക് ഒരു തവണ കൂടി ലോകകപ്പ് നേടിക്കൊടുക്കാന്‍ ധോണിക്ക് കഴിയുമെന്ന് കപില്‍ദേവ്

മുംബൈ: കപില്‍ദേവും എംഎസ് ധോണിയും ഇന്ത്യയ്ക്ക് ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിത്തന്ന നായകന്‍മാരാണ്. മറ്റൊരു ലോകകപ്പില്‍ കൂടി ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ഇറങ്ങുകയാണ് ധോണി. എന്നാല്‍ ഇത്തവണ നായകനായല്ല. ഒരു തവണ കൂടി ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കാന്‍ ധോണിക്ക് കഴിയുമെന്നാണ് കപില്‍ദേവ് വിശ്വസിക്കുന്നത്.

‘ഇനി എത്ര കാലം കളിക്കാന്‍ ധോണിക്ക് ആഗ്രഹമുണ്ടെന്ന് അറിയില്ല. നമ്മള്‍ ധോണിയെ മാനിക്കുകയും ആശംസകള്‍ നേരുകയുമാണ് വേണ്ടത്. ധോണിയെപ്പോലെ രാജ്യത്തെ ഇത്രയും നന്നായി സേവിച്ചവര്‍ വേറെ ഉണ്ടാവില്ല. അദ്ദേഹം ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് കൂടി നേടിത്തരുമെന്നാണ് എന്റെ പ്രതീക്ഷ’ കപില്‍ദേവ് പറഞ്ഞു.

‘ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. എങ്കിലും കപ്പ് നേടുക എന്നത് അത്ര എളുപ്പമാവില്ല. ഒരു ടീം എന്ന നിലയില്‍ എല്ലാവരും ഒത്തൊരുമിച്ച് കളിക്കണം. എന്റെ പ്രാര്‍ഥന ആരും തന്നെ പരിക്കിന്റെ പിടിയിലാവരുതെന്നാണ്. ഭാഗ്യത്തിന്റെ കടാക്ഷമുണ്ടെങ്കില്‍ നമ്മുടെ ടീം തീര്‍ച്ചയായും വിജയിക്കും’ കപില്‍ദേവ് കൂട്ടിച്ചേര്‍ത്തു.

Exit mobile version