ഗെയില്‍ താണ്ഡവവും രാഹുലിന്റെ സെഞ്ചുറി തിളക്കവും; മുംബൈയ്ക്ക് 198 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിന് 198 റണ്‍സ് വിജയലക്ഷ്യം. കെഎല്‍ രാഹുലിന്റെ കന്നിസെഞ്ചുറി മികവും ഗെയില്‍ താണ്ഡവവും കൂടി ഒന്നിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. 63 പന്തിലാണ് രാഹുല്‍ തന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറി കുറിച്ചത്.

ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടിയ പഞ്ചാബിന്റെ ഓപ്പണര്‍മാരായ ക്രിസ് ഗെയിലും കെഎല്‍ രാഹുലുമാണ് പഞ്ചാബിനു മികച്ച തുടക്കം നല്‍കിയത്. ഗെയില്‍ 12.5 ഓവറില്‍ പുറത്താകുമ്പോള്‍ 116 റണ്‍സാണ് പഞ്ചാബ് നേടിയത്. തന്റെ അവസാന ഓവറില്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫാണ് ഗെയിലിനെ പുറത്താക്കിയത്. 36 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയാണ് ഗെയില്‍ മടങ്ങിയത്. മൂന്ന് ഫോറും 7 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ഗെയിലിന്റെ സൂപ്പര്‍ പെര്‍ഫോമന്‍സ്.

ഗെയില്‍ പുറത്തായ ശേഷം മത്സരത്തിലേക്ക് മുംബൈ തിരികെ വരുന്ന കാഴ്ചയാണ് കണ്ടത്. റണ്ണൊഴുക്കിനു തടയിടുകയും ഡേവിഡ് മില്ലറെയും കരുണ്‍ നായരെയും പുറത്താക്കുവാനും അടുത്ത് ഏതാനും ഓവറുകള്‍ക്കുള്ളില്‍ മുംബൈയ്ക്ക് സാധിച്ചു.

ജസ്പ്രീത് ബുംറ എറിഞ്ഞ 18ാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി തുടങ്ങുവാന്‍ സാം കറനു സാധിച്ചുവെങ്കിലും അടുത്ത പന്തില്‍ താരത്തെ ബുംറ തന്നെ പുറത്താക്കി. 3 പന്തില്‍ നിന്ന് 8 റണ്‍സാണ് സാം കറന്‍ നേടിയത്. എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ അടുത്ത ഓവറില്‍ കെഎല്‍ രാഹുല്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 25 റണ്‍സ് നേടിയപ്പോള്‍ മത്സരം വീണ്ടും പഞ്ചാബ് ബാറ്റ്‌സ്മാന്മാര്‍ തിരിച്ച് പിടിക്കുകയായിരുന്നു.

അവസാന ഓവറില്‍ കെഎല്‍ രാഹുല്‍ 63 പന്തില്‍ നിന്ന് ശതകം തികയ്ക്കുകയായിരുന്നു. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 100 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. രണ്ട് വിക്കറ്റ് നേടിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ നാലോവറില്‍ നിന്ന് 57 റണ്‍സ് വഴങ്ങുകയായിരുന്നു. ജസ്പ്രീത് ബുംറയും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും ഓരോ വിക്കറ്റും നേടി.

Exit mobile version