പരിസരം മറന്ന് പരസ്പരം സ്‌നേഹം കൈമാറി സാംപയും സ്റ്റോയ്‌നിസും; ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി വീഡിയോ

ഷാര്‍ജ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ ആഡം സാംപയും മാര്‍കസ് സ്‌റ്റോയ്‌നിസുമാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ താരങ്ങള്‍. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ പറ്റാത്ത താരങ്ങളാണ് ആഡം സാംപയും മാര്‍കസ് സ്റ്റോയ്‌നിസും. ഇരുവരുടെയും വീഡിയോ വൈറലായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് വീഡിയോ വൈറലാകാന്‍ കാരണമെന്നല്ലേ? കാരണം വളരെ രസകരമാണ്, സാംപ ടീം അംഗമായ സ്റ്റോയ്‌നിസിനോട് കാണിക്കുന്ന സ്‌നേഹപ്രകടനമാണ് ഈ വീഡിയോ വൈറലാകാന്‍ കാരണമായിരിക്കുന്നത്. ഇരുവരും പാകിസ്താനെതിരായ ആദ്യ ഏകദിനത്തിനിടെയാണ് പവലിയനില്‍ പരസ്പരം സ്‌നേഹം കൈമാറുന്നത്. ഇത് വ്യക്തമായി ക്യാമറാമാന്റെ കണ്ണില്‍പെടുകയും ചെയ്തു.

ക്യാമറ സൂം ചെയ്യുമ്പോള്‍ കാണുന്നത് സാംപ സ്റ്റോയ്‌നിസിനെ തലോടുന്നതാണ്. സാംപ സ്റ്റോയ്‌നിസിന്റെ കവിളിലും മുടിയിഴകളിലും കൈയ്യോടിച്ച് പ്രണയത്തോടെ നോക്കുന്നതും ചുംബനത്തിന്റെ ആംഗ്യം കാണിക്കുന്നതും ക്രിക്കറ്റ് സ്‌നേഹികളെ അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ട് പേരും പുഞ്ചിരിക്കുന്നുമുണ്ട്. ഇരുവരും പ്രണയിതാക്കളോ എന്നാണ് സോഷ്യല്‍മീഡിയ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നത്. ഏതായാലും ക്രിക്കറ്റ് ഓസ്‌ട്രേലിയയും സോഷ്യല്‍മീഡിയയും വീഡിയോയെ കുറിച്ച് വാചാലരാകുകയാണ്.

വീഡിയോ കാണാം:

Exit mobile version